തനത്കലകളും പൈതൃകോത്പന്നങ്ങളും സംഗമിക്കുന്ന ഗദ്ദിക മേളയ്ക്ക് ഇന്ന് തുടക്കം. പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പും കിര്‍ടാഡ്‌സും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗദ്ദികമേളയുടെ ഉദ്ഘാടനം കാലിക്കടവില്‍ വൈകീട്ട് അഞ്ചിന് പട്ടികജാതി- പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പി. കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. എംഎല്‍എമാരായ എം.രാജഗോപാലന്‍, കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ വയനാട് പി.കെ കാളന്‍ ഗോത്രകലാസമിതി അവതരിപ്പിക്കുന്ന ഗദ്ദികയും ഇടുക്കിയിലെ വെള്ളയ്യന്‍ കാണി പരമ്പരാഗത നൃത്തസംഘം അവതരിപ്പിക്കുന്ന പളിയനൃത്തവും കൊല്ലം ജില്ലയിലെ രാജമ്മ അയ്യപ്പനും സംഘവും അവതരിപ്പിക്കുന്ന പൂപ്പട തുള്ളലും വയനാട് ജില്ലയിലെ തുടിതാളം ഗോത്രകലാസംഘത്തിന്റെ നാടന്‍പാട്ടുകളും അരങ്ങ് കീഴടക്കും.