കൊച്ചി: സ്ത്രീ ശാക്തീകരണത്തിൽ ശക്തമായ ഇടപെടലുകളാണ് കുടുംബശ്രീ സ്ത്രീപദവി സ്വയംപഠന വിഭാഗം നടത്തുന്നത്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവസ്ഥയെക്കുറിച്ചും അവബോധം സൃഷ്ടിച്ച് ലിംഗ സമത്വത്തിൽ ഊന്നിയ സമൂഹം സൃഷ്ടിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന അതിക്രമങ്ങളെയും വിവേചനങ്ങളെയും ചൂഷണങ്ങളെയും പ്രതിരോധിക്കുന്നതിനും നിയമസഹായം നൽകുന്നതിനും 2013 ലാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് എറണാകുളം ജില്ലയിൽ ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്നേഹിത എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചു. രണ്ടര വര്‍ഷങ്ങളിലായി 1794 പ്രശ്നങ്ങളിലാണ് സ്നേഹിതയുടെ ഇടപെടലുകള്‍ നടന്നിട്ടുള്ളത്. ജില്ലയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് സ്നേഹിത.

സ്നേഹിതയുടെ പ്രാദേശിക ഘടകമെന്ന നിലയിലാണ് ഓരോ തദ്ദേശഭരണ പ്രദേശത്തും ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ ആരംഭിച്ചിട്ടുള്ളത്. എറണാകുളം ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 70 ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകളാണ് പ്രവര്‍ത്തിക്കുന്നത്. 33 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്മാര്‍, വിജിലന്‍റ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ് ഈ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. പ്രീമാരീറ്റല്‍, പോസ്റ്റ് മാരീറ്റല്‍ കൗണ്‍സെലിംഗ്, വ്യക്തിഗത – ഗ്രൂപ്പ് കൗണ്‍സെലിംഗുകള്‍, മീഡിയേഷനുകള്‍, വിവിധ ശേഷി വികസന പരിശീലനങ്ങള്‍ മുതലായവയാണ് സെന്‍ററുകളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 8209 പേരാണ് ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്.

പ്രാദേശികമായി സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ചാലകശക്തികള്‍ എന്ന നിലയിലാണ് ഓരോ വാര്‍ഡില്‍ നിന്നും 5 മുതല്‍ 10 വരെ അംഗങ്ങളെ ഉള്‍പ്പെടുത്തി ജാഗ്രതാ സംഘങ്ങളെ സംഘടിപ്പിച്ച് പരിശീലനങ്ങള്‍ നല്‍കിയിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സ്നേഹിത എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇത് സൗജന്യമായി ലഭിക്കും.

സ്ത്രീകളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്വന്തം ആത്മാവിഷ്കാരവും വരുമാനദായക പ്രവര്‍ത്തനങ്ങളും സാധ്യമാകുക  എന്ന ലക്ഷ്യത്തോടെ കൊച്ചി മുസീരിസ് ബിനാലെയുമായി സഹകരിച്ച് വരയുടെ പെണ്മ സംഘടിപ്പിച്ചത്. 23 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

പ്രാദേശികമായി നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥകളെ കണ്ടെത്തി അവ പരിഹരിക്കുന്നതിന് പര്യാപ്തമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനാണ് കുടുംബശ്രീ വള്‍ണറബിലിറ്റി മാപ്പിംഗ് നടത്തിയത്.
ജില്ലയില്‍ 10 പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഇതിനോടകം 79 ലക്ഷം രൂപയുടെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ഇതിന്‍റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു.

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ നീതം-സഹയാത്രാ സംഗമം ജെന്‍ഡര്‍ ക്യാമ്പെയിന്‍ സംഘടിപ്പിച്ചിരുന്നു. അയല്‍ക്കൂട്ട സംഗമങ്ങളും കുടുംബസംഗമങ്ങളും വിളംബര ജാഥകളും ഉള്‍പ്പെടെ  ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളുടെ പൊതു അവബോധം എന്ന നിലയിലാണ് ഈ ക്യമ്പെയിന്‍ സംഘടിപ്പിച്ചത്. അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനും വീട്ടിലും പൊതു ഇടങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ആവശ്യകത പുരുഷൻമാർക്കിടയിലേക്ക് എത്തിക്കുന്നതിന് ക്യാമ്പെയിന് സാധിച്ചു.

ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചവരുടെ വിജയാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന് പ്രതിധ്വനി ടെഡ് ടോക്ക് ഷോ സംഘടിപ്പിച്ചത് പലർക്കും പ്രചോദനമായി. വിവിധ മേഖലയിലെ 10 പേര്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്. സംസ്ഥാന തലത്തല്‍ 28 പേര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന വിധത്തില്‍ പ്രചോദനകരമായ അനുഭവം പങ്കുവച്ച പ്രതിധ്വനിയും നടത്തി.

സ്നേഹിത കോളിംഗ് ബെല്‍ പദ്ധതി സമൂഹത്തില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവരുടെ സുരക്ഷയെ ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. ഇതിലൂടെ ജില്ലയില്‍ 1089 പേരെയാണ് ഒറ്റപ്പെട്ട് താമസിക്കുന്നതായി കണ്ടെത്തിയത്. ഇവരുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി വിവിധ ഇടപെടലുകളും കുടുംബശ്രീ നടത്തുന്നുണ്ട്.

ലിംഗപദവി സമത്വവും നീതിയും സ്ത്രീപദവി സ്വയംപഠന വിഭാഗം നടപ്പിലാക്കുന്ന മൊഡ്യൂള്‍ പ്രവര്‍ത്തനങ്ങളുടെ നാലാം ഘട്ട പരിപാടിയാണിത്. എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും ലിംഗസമത്വത്തിന്‍റെ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീപുരുഷ അസമത്വങ്ങളെ ഇല്ലാതാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇങ്ങനെ വിവിധ പദ്ധതികളിലൂടെ സ്തീകളുടെയും കുട്ടികളുടെയും പുരോഗതിക്ക് താങ്ങാവുകയാണ് കുടുംബശ്രീ സ്ത്രീപദവി സ്വയംപഠന വിഭാഗം.