കൊച്ചി: വൈപ്പിൻ ദ്വീപുകാരുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി . 110 കെ.വി ചെറായി സബ്സ്റ്റേഷനും 110 കെ വി മന്നം ചെറായി ലൈനും വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ദ്വീപിലെ സമഗ്രവികസനത്തിന് ഗുണമേന്മയുള്ള വൈദ്യുതി ഇനി സബ്സ്റ്റേഷനിലൂടെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അനുമോദിച്ചു.

സബ്സ്റ്റേഷൻ നിലവിൽ വന്നതോടെ വൈപ്പിൻ ദ്വീപിലെ ചെറായി, മുനമ്പം , എടവനക്കാട്, നായരമ്പലം, തുടങ്ങിയ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഗുണമേന്മയേറിയ വൈദ്യുതി തടസ്സം കൂടാതെ ലഭിക്കും. കൂടാതെ നോർത്ത് പറവൂർ , വടക്കേക്കര , ഞാറക്കൽ സബ് സ്റ്റേഷൻ പരിധിയിലുള്ള ഉപഭോക്താക്കൾക്കും ചെറായി സബ്സ്റ്റേഷന്റെ പ്രയോജനം ലഭിക്കും.

എസ്.ശർമ എം എൽ എ വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴാണ് കെ എസ് ഇ ബി എൽ പദ്ധതി വിഭാവനം ചെയ്തത്. 30 ടവറുകളാണ് പദ്ധതിയിലുള്ളത്. 1999 ഭരണാനുമതി ലഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ തടസ്സപ്പെട്ട പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2018 മെയിലാണ് ആരംഭിച്ചത്. 13 മാസങ്ങൾ കൊണ്ട് പണി പൂർത്തീകരിച്ചു. ജനവാസ മേഖലകളിൽ പരമാവധി ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പരിസ്ഥിതി സംരക്ഷണാർത്ഥം സ്പെഷ്യൽ ടൈപ്പ് നാരോ ബേസ്ഡ് ടവറുകൾ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ചെലവ് കൂടിയതും പാദ വിസ്തീർണ്ണം കുറഞ്ഞതും ഉയരം കൂടിയതുമായ ടവറുകളാണിവ.

അയ്യമ്പിള്ളി സഹകരണ നിലയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.ശർമ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി , എം എൽ എ മാരായ അഡ്വ. വി.ഡി. സതീശൻ, ജോൺ ഫെർണാണ്ടസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കെ എസ് ഇ ബി ലിമിറ്റഡ് ഡിസ്ട്രിബ്യൂഷൻ സെൻട്രൽ ചീഫ് എഞ്ചിനീയർ ജെയിംസ് എം ഡേവിഡ്, സൗത്ത് ട്രാൻസ്മിഷൻ ചീഫ് എഞ്ചിനീയർ ബ്രിജ് ലാൽ. വി, പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി കുറുപ്പ് , വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, പള്ളിപ്പുറം , കുഴുപ്പിള്ളി, എടവനക്കാട് , കോട്ടുവള്ളി , ഏഴിക്കര , പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. രാധാകൃഷ്ണൻ , രജിത സജീവ്’. കെ.യു ജീവൻ മിത്ര , കെ.കെ. ശാന്ത, പി.എ. ചന്ദ്രിക, ജില്ലാ പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്ക്കരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ തുളസി സോമൻ, എ.എൻ. ഉണ്ണിക്കൃഷ്ണൻ , കെ എസ് ഇ ബി കളമശ്ശേരി ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജോർജ്ജ് വി ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.