കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫീസ് പുതിയ മന്ദിരത്തിലേയ്ക്ക്
പ്രവാസി മലയാളികളില്‍ നിന്ന് 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.ഐ  ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍. നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെയും നോര്‍ക്ക റൂട്ട്സ് വഴി ഹോം അറ്റസ്റ്റേഷന്‍ സേവനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കമ്പനിയുടെ 26%  നിക്ഷേപം സര്‍ക്കാറിന്റേതായിരിക്കും. വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് കമ്പനിയുടെ പ്രധാനലക്ഷ്യം. എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പ് നിര്‍മ്മാണം, പശ്ചാത്തല സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചാണ് കമ്പനി രൂപീകരിക്കുന്നത്.
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിതാഖത്ത് പോലെയുള്ള നിയമങ്ങള്‍ കാരണം ജോലിനഷ്ടപ്പെട്ടവര്‍ക്ക്  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കമ്പനി മുഖേന സാധിക്കും.
സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ നോര്‍ക്ക ഓഫീസിന് സാധിക്കണം. അറിവില്ല എന്ന കാരണത്താല്‍ ഒരു പ്രവാസിക്കും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടരുത്.
ഇത് നോര്‍ക്ക റൂട്ട്സിന്റെ ഇടപെടലിന്റെ ഭാഗമായി പരിഹരിക്കാന്‍ സാധിക്കണം. സേവനങ്ങള്‍ കൃത്യതയോടെയും അഴിമതിരഹിതമായും ലഭ്യമാക്കാന്‍ സാധിക്കണം. ലോകത്താമാനമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും സര്‍ക്കാരിന് സാധിച്ചു.
അവയെല്ലാം ഫലപ്രദമായി പ്രവാസികള്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ലിങ്ക് റോഡിലെ വികാസ് ബിംല്‍ഡിംഗില്‍ ഒന്നാം നിലയിലാണ് മികച്ച സൗകര്യങ്ങളോടെ പുതിയ മേഖലാ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള നോര്‍ക്കയുടെ എല്ലാ സേവനങ്ങളും ഈ ഓഫീസില്‍ നിന്നും സെപ്തംബര്‍ 25  മുതല്‍ ലഭിക്കും. അതോടൊപ്പം വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ഹോം അറ്റസ്റ്റേഷന്‍ സേവനവും ഇനി മുതല്‍ ലഭ്യമാകുന്നതാണ്.
എം.കെ രാഘവന്‍ എം.പി, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വാര്‍ഡ്  കൗണ്‍സിലര്‍ പി. എം. നിയാസ്, നോര്‍ക്ക വകുപ്പ് ജോയിന്റ് സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. വി. ബാദുഷ കടലുണ്ടി, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി. ജഗദീശ് തുടങ്ങിയവര്‍ പങ്കെടുത്തു.