എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ ചുമതലകള്‍ വഹിക്കുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അനുമോദനവുമായി ജില്ല കളക്ടര്‍ എസ്. സുഹാസ്. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും ഇപ്പോള്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് റൂമിലും സേവനമനുഷ്ഠിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെടര്‍മാരുടെ സേവനത്തെ കളക്ടര്‍ അഭിനന്ദിച്ചു. ജൂനിയര്‍ ഹെസ്‍ത്ത് ഇന്‍സ്പെകര്‍മാരുടെ പ്രതിനിധികളെ ചേംബറില്‍ വിളിച്ചു വരുത്തിയാണ് കളക്ടര്‍ അഭിനന്ദനം അറിയിച്ചത്. തന്‍റെ ഫേസ്ബുക്ക് പേജു വഴിയും കളക്ടര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരോടുള്ള ബഹുമാനം അറിയിച്ചു.

അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ പലപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമാണെന്നും സ്വന്തം കുടുംബത്തെ കുറിച്ചോ ബഹുമതികളെ കുറിച്ചോ ചിന്തിക്കാതെ അവര്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലാണെന്നും കളക്ടര്‍ പറഞ്ഞു.

കേരളത്തില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ വ്യാപകമായി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായവരാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാര്‍. പ്രാഥമിക തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴിയാണ് കേരളത്തില്‍ കോവിഡ് 19 ന്‍റെ സാമൂഹിക വ്യാപനം ഒഴിവാക്കാന്‍ സാധിച്ചതെന്നും കളക്ടര്‍ പറഞ്ഞു.