ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും ലോക്ക് ഡൗൺ കാലത്തും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ.
ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും കണ്ണിമ ചിമ്മാതെ തദ്ദേശസ്ഥാപനങ്ങൾ പുലർത്തുന്ന ജാഗ്രതയുടെ നേർസാക്ഷ്യമാണ് ജില്ലയിലെമ്പാടും സുഗമമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകൾ. സർക്കാർ ഉത്തരവിറക്കി തൊട്ടടുത്ത ദിവസം തന്നെ ജില്ലയിൽ 92 കമ്മ്യൂണിറ്റി കിച്ചണുകളാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തനസജ്ജം ആയത്. കോവിഡ് 19 പ്രതിരോധ-നിയന്ത്രണ-ബോധവത്കരണ പ്രവർത്തനങ്ങൾ, ഐസൊലേഷനിൽ കഴിയുന്നവർക്ക് അനുബന്ധ സേവനങ്ങൾ എന്നിവയിൽ ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും താങ്ങായും ജില്ലാ ഭരണകൂടത്തിൻറെ നിർദ്ദേശമനുസരിച്ച് ടാങ്കർ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തിയും, എല്ലാ അവശ്യ മേഖലകളിലും ഒരു പോരായ്മയും ഉണ്ടാകാതെ ശ്രദ്ധ പതിപ്പിക്കുക യാണ് തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ജീവനക്കാരും.
ജില്ലാ ഭരണകൂടത്തിന്റെയും, സംസ്ഥാന തദ്ദേശ വകുപ്പിന്റെയും , ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിൽ ആരംഭിച്ച കണ്ട്രോള് റൂമിന്റെയും , പെര്‍ഫോമന്‍സ് ആഡിറ്റ് വിഭാഗത്തിന്റെയും മേല്‍നോട്ടത്തിലും മാര്ഗ്ഗദര്ശിത്വത്തിലുമാണ് എണ്ണയിട്ട യന്ത്രം കണക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം.
ജില്ലയില്‍ ഇതിനകം 2,34,160ലേറെ പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ഭക്ഷണം നൽകിക്കഴിഞ്ഞുവെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി എം ഷഫീഖ് അറിയിച്ചു. അഗതികള്‍, സാമ്പത്തിക ക്ലേശമുള്ളവർ, കിടപ്പുരോഗികള്‍, വയോജനങ്ങള്‍, ഭിക്ഷാടകര്‍, ആദിവാസികള്‍, കെയര്‍ഹോം നിവാസികള്‍ തുടങ്ങിയവർക്കും അതിഥി തൊഴിലാളികള്‍ക്കും -ആവശ്യമെങ്കിൽ സൗജന്യമായി- ഭക്ഷണം നൽകിവരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം അതിഥിതൊഴിലാളികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും അവർക്ക് അസംതൃപ്തിയോ ഭീതിയോ ഉണ്ടാകാതെ നോക്കുന്നതിനും ജില്ലാ ഭരണകൂടത്തിന് പിന്തുണ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകുന്നു.
ആവശ്യമുള്ള ഇടങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നതടക്കമുള്ള അടിയന്തിര സേവനങ്ങളും പഞ്ചായത്തുകളും നഗരസഭകളും നിര്‍വ്വഹിക്കുന്നു.
കൊറോണ പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ ശുചിത്വ,ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിൻറെ സഹായത്തോടെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും മേല്‍നോട്ടത്തില്‍ വാർഡ് തല ആരോഗ്യസമിതി, പാലിയേറ്റീവ് കെയര്‍ , അങ്കണവാടികള്‍, കുടുംബശ്രീ, വയോജന അയല്‍ക്കൂട്ടം മുതലായവയിലൂടെ നടത്തി. ഐസൊലേഷനിലാകുന്ന സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് ദൈനംദിന ജീവിതസഹായവും, ഭക്ഷണവും മരുന്നുമുൾപ്പെടെ സാമൂഹ്യപിന്തുണ ഉറപ്പാക്കി. ബ്രേക്ക് ദ ചെയിന്‍ കാംപയിനിലും പിന്തുണയുമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പ്രവർത്തിച്ചു.
പൊതു ഇടങ്ങളിൽ കൈകഴുകുന്നതിനു വെള്ളവും സോപ്പും, ഹാന്‍ഡ് സാനിട്ടൈസറും ലഭ്യമാക്കി. രോഗവ്യാപന നിയന്ത്രണ ഘട്ടത്തിൽ പ്രത്യേക, ദുർബല വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകവും കൃത്യവുമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകൾ, മാര്‍ക്കറ്റുകൾ മുതലായ പൊതുഇടങ്ങളുടെ ശുചീകരണവും മാലിന്യനിര്‍മ്മാര്‍ജ്ജനവും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ നിർവ്വഹിച്ചു.
വാര്‍ഡ് അംഗം, പഞ്ചായത്ത് ജീവനക്കാരന്, ആരോഗ്യപ്രവര്‍ത്തകര്‍/ ആശാവര്‍ക്കര്‍, സന്നദ്ധപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന വാർഡുതല സമിതിയുടെ നേതൃത്വത്തില്‍ വിദേശത്തു നിന്നു വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ഹോംകെയറിൽ പോകുന്നുവെന്ന് ഉറപ്പുവരുത്തി.
പലയിടത്തും കമ്മ്യൂണിറ്റി കൗണ്‍സലിംഗ് ഉള്‍പ്പെടെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണവും ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മറ്റ് അവശ്യ സാമഗ്രികള്‍ എന്നിവയും ലഭ്യമാക്കുകയും ചെയ്യുന്നു.
തദ്ദേശവകുപ്പിന്റെ നിർദേശാനുസരണം, ആവശ്യമായി വരുന്നപക്ഷം കോവിഡ്കെയര്‍ സെന്ററുകളായോ, ഐസൊലേഷന്‍ സംവിധാനമായോ, താത്ക്കാലിക ആശുപത്രികളായോ മാറ്റാവുന്ന കെട്ടിടങ്ങള്‍- ഒഴിഞ്ഞുകിടക്കുന്ന ആശുപത്രികള്‍, ഹോസ്റ്റലുകള്‍, പരിശീലനസ്ഥാപനങ്ങള്‍, ലോഡ്ജുകൾ, ഒഴിഞ്ഞ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ കണ്ടെത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
എല്ലാപ്രവർത്തനങ്ങളുടെയും കാര്യക്ഷമമായ നിര്‍വ്വഹണം ഉറപ്പുവരുത്തുന്നതിനു വാർഡുതല സമിതിയുടെയും പഞ്ചായത്ത്തലത്തില്‍ പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍, സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, പോലീസ് ഓഫീസര്‍ എന്നിവരടങ്ങിയ കോര്‍കമ്മറ്റിയും ദിവസേന യോഗംചേർന്ന് സ്ഥിഗതികൾ കർശനമായി അവലോകനം ചെയ്യുന്നുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
പ്രളയങ്ങളിലുൾപ്പെടെ ദുരന്തപ്രതിരോധ രംഗത്ത് അനുഭവങ്ങളിലൂടെയും ചിട്ടയായ ആസൂത്രണത്തിലൂടെയും പരിശീലനത്തിലൂടെയും നേടിയ മികവ് തദ്ദേശ സ്ഥാപനങ്ങളെ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുന്നണി പോരാളികളാക്കുകയാണ്. പ്രളയ അതിജീവനത്തിന്റെ അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് 2019-20ല്‍ ഗ്രാമ പഞ്ചായത്ത്, നഗരസഭാതലത്തില്‍ പ്രത്യേക ‘ദുരന്ത നിവാരണ പദ്ധതി’ രൂപീകരിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി എട്ടുപേർ അടങ്ങുന്ന ‘അടിയന്തര പ്രതികരണ ടീം’(Emergency Response Team-ERT) ഓരോ വാര്‍ഡിലും രൂപീകരിക്കുകയും കിലയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നൽകുകയുമുണ്ടായി. അതോടൊപ്പംതന്നെ ശാസ്ത്രീയമായി തയ്യാറാക്കിയ സമഗ്ര ദുരന്തനിവാരണ പദ്ധതിയിലെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിന് വേണ്ട കർമ്മ പരിപാടികൾക്ക് പ്രത്യേക വികസന സെമിനാറിലൂടെയും ഗ്രാമസഭാ ചര്‍ച്ചകളിലൂടെയും രൂപം നൽകുക യും ചെയ്തിരുന്നു. ഈ മുന്നൊരുക്കങ്ങൾ ദുരന്ത പ്രതിരോധ രംഗത്ത് ജില്ലയുടെ കരുത്തായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാറ്റുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ ഡിപ്പാര്‍ട്ട്മെന്റുകളുടെ മേല്‍നോട്ടത്തില്‍ പ്രാദേശിക പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഏതൊരു സാഹചര്യത്തോടും, അതിവേഗത്തില്‍ ക്രിയാത്മകമായി പ്രതികരിക്കാൻ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മികവ് കോവിഡ് പ്രതിരോധ രംഗത്ത് മുതല്‍ക്കൂട്ടാവുകയാണ്