തീരമേഖലയിലെ ചില പ്രദേശങ്ങളിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ പൊലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി കോസ്റ്റൽ വാർഡൻമാരുടെ സേവനം വിനിയോഗിക്കും. അവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ കടലോര ജാഗ്രതാസമിതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റേഷൻ വ്യാപാരികൾക്ക് കോവിഡ് പരിശോധന ഉറപ്പാക്കും. കെഎസ്ആർടിസി ബസുകൾ ട്രിപ്പുകൾ അവസാനിക്കുമ്പോൾ അണുവിമുക്തമാക്കുമെന്ന് ഉറപ്പാക്കാൻ നിർദേശം നൽകി.
തിരിച്ചുപോകുന്ന പ്രവാസികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ക്രമീകരണം ചർച്ച ചെയ്തു തീരുമാനിക്കും.
തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടന്തുരുത്ത്, പുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ, ചെല്ലാനം, വെളിയംകോട്, പെരുമ്പടപ്പ പഞ്ചായത്തുകളിലെയും പൊന്നാന്നി, താനൂർ മുനിസിപ്പാലിറ്റികളിലെയും എല്ലാ വാർഡുകളിലും ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ അടക്കം 51 ക്ലസ്റ്ററുകളാണ് ഇപ്പോഴുള്ളത്. ഇവിടങ്ങളിൽ സമ്പർക്കം, രോഗബാധ എന്നിവ കണ്ടെത്താനുള്ള ഊർജിത പ്രവർത്തനങ്ങൾ നടക്കുകയാണ്. റിവേഴ്സ് ക്വാറൻറൈനും ബോധവൽക്കരണവും ഊർജിതമായി നടപ്പാക്കുന്നുണ്ട്. ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിച്ചും സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെയടക്കം ഉൾപ്പെടുത്തിയും ജനങ്ങളുടെ സഹകരണം തേടിയും മികച്ച ക്വാറൻറൈൻ ഏർപ്പെടുത്തിയുമുള്ള സംയോജിത പരിപാടിയാണ് നടപ്പാക്കുന്നത്.
രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജനകീയ പ്രതിരോധം തീർക്കാനാണ് എല്ലാ ഘട്ടത്തിലും ശ്രമിച്ചത്. ഈ മഹാമാരിയെ അതിൻറേതായ ഗൗരവത്തിൽ ചിലർ കാണുന്നില്ല എന്ന പ്രശ്നമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പ്രവർത്തനങ്ങൾ നന്നായി മുന്നോട്ടുകൊണ്ടുപോകുന്നത്. തുടർച്ചയായ പ്രവർത്തനമായതിനാൽ ചില മേഖലകളിൽ മടുപ്പുവരുന്നുണ്ട്. വളണ്ടിയർമാരുടെ കാര്യത്തിൽ അത് കണ്ടു. അവരെയെല്ലാം പ്രോത്സാഹിപ്പിച്ചു നിർത്തേണ്ടതുണ്ട്. കൂടുതൽ വളണ്ടിയർമാരെ ഈ രംഗത്ത് ആവശ്യമുള്ള ഘട്ടമാണിത്. രോഗികളുടെ വർധനയുടെ തോത് ഇനിയും വർധിച്ചാൽ നാം വല്ലാതെ പ്രയാസപ്പെടും.
റിവേഴ്സ് ക്വാറൻറൈൻ വേണ്ടവർക്ക് രോഗബാധ കൂടുതലുണ്ടായാൽ ഐസിയുവിന്റെയും വെൻറിലേറ്ററിന്റെയും മറ്റു സൗകര്യങ്ങളുടെയും ആവശ്യകത കുതിച്ചുയരുന്ന സ്ഥിതിയാണുണ്ടാവുക. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണ്. ചികിത്സാ കാര്യത്തിൽ ആരോഗ്യവകുപ്പിന് തദ്ദേശം, ദുരന്തനിവാരണം, പൊലീസ് അടക്കം എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും.
രോഗമുക്തരായവരിൽ സന്നദ്ധതയുള്ളവരെ ആരോഗ്യ സന്ദേശ പ്രചാരകരായി നിയോഗിക്കും. ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ അടിയന്തര പ്രാധാന്യത്തോടെയാണ് സജ്ജീകരിക്കുന്നത്. ഇവിടങ്ങളിലേക്ക് അവശ്യം വേണ്ട താൽക്കാലിക നിയമനം നടത്താൻ നടപടി സ്വീകരിക്കും.
കഴിഞ്ഞദിവസം പൂന്തുറയിൽ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. ചെറിയ തെറ്റിദ്ധാരണ കൊണ്ട് തെരുവിലിറങ്ങിയവർ പോലും യാഥാർത്ഥ്യം മനസ്സിലാക്കി കോവിഡ് പ്രതിരോധവുമായി സർവാത്മനാ സഹകരിക്കാൻ തയ്യാറായ ആ കാഴ്ച പൂന്തുറയിലെ ജനങ്ങളുടെ ഉയർന്ന ബോധത്തെ സൂചിപ്പിക്കുന്നതാണ്. ആ ജനങ്ങളെ ഹാർദമായി അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ ഇളവുകൾക്കു ശേഷം കേരളത്തിലെത്തിയത് 5,60,234 പേരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 3,49,610 പേർ വന്നു. വിദേശത്തു നിന്നു വന്നവർ 2,10,624 ആണ്. വന്നവരിൽ 62.4 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്. അവരിൽ 64.44 ശതമാനം ആളുകളും റെഡ്സോൺ ജില്ലകളിൽ നിന്നാണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65.11 ശതമാനം പേരാണ് റോഡ് വഴി കേരളത്തിൽ എത്തിയത്. 19.7 ശതമാനം പേർ വിമാനമാർഗവും 14.43 ശതമാനം പേർ റെയിൽവേ വഴിയും എത്തി. 54 രാജ്യങ്ങളിൽനിന്നായി 1187 വിമാനങ്ങളാണ് ഇതുവരെ വന്നത്.
മാസ്ക് ധരിക്കാത്ത 5776 സംഭവങ്ങൾ സംസ്ഥാനത്ത് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 7 പേർക്കെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.