തിരുവനന്തപുരം: പട്ടിക ജാതി വികസന വകുപ്പിനു കീഴിൽ ആധുനിക സൗകര്യങ്ങളോട് കൂടി തോന്നയ്ക്കലിൽ നിർമിക്കുന്ന മോഡൽ റെസിഡന്ഷ്യൽ സ്‌കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഉന്നമനം ലക്ഷ്യം വെച്ചുള്ള നിരവധി പ്രവർത്തനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ  നടപ്പിലാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. റെസിഡൻഷ്യൽ സ്‌കൂളുകളിലൂടെ ഈ വിഭാഗത്തിലുള്ളവരുടെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനായതായും അദ്ദേഹം പറഞ്ഞു.

കിഫ്ബി ഫണ്ടിൽ നിന്ന് 15.97 കോടി രൂപ ചിലവിട്ടാണ് സ്‌കൂൾ നിർമ്മിക്കുന്നത്. അക്കാഡമിക് ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗ്, ഹോസ്റ്റൽ ബിൽഡിംഗ്, സ്റ്റാഫ് ക്വാർട്ടേഴ്സ് ടൈപ്പ് 1, ടൈപ്പ്  2 എന്നിങ്ങനെ 4 കെട്ടിട്ടങ്ങളുടെ സമുച്ചയമാണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി നിർമ്മിക്കുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ആണ് നിർമാണ പ്രവർത്തങ്ങൾ നടത്തുന്നത്. പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ കെട്ടിടത്തിന്റെ ശീലസ്ഥാപനം സി ദിവാകരൻ എം.എൽ.എ നിർവഹിച്ചു.