‘നോ മാസ്‌ക് നോ എന്‍ട്രി’ കൊവിഡ് ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി പൊതുവാഹനങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന് തുടക്കമായി. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷകളിലാണ് ആര്‍ ടി ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ പതിപ്പിച്ചത്. ബസുകളിലും പോസ്റ്റര്‍ പതിപ്പിക്കും. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തതിനാവശ്യമായ ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. ഡികെഎച്ച് കിയ മോട്ടേഴ്‌സാണ് രണ്ടായിരം ബോധവല്‍ക്കരണ പോസ്റ്ററുകള്‍ ഇതിനായി നല്‍കി.  പൊതുജനങ്ങള്‍ക്കായി മാസ്‌കും ആര്‍ ടി ഒ വിതരണം ചെയ്തു.

ഇതിന് പുറമെ ജില്ലയിലെ ഓഫീസുകളിലും എല്ലാ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും ക്യാംപയിന്‍ നടത്തുന്നുണ്ട്.