ആഗോള പകര്‍ച്ചവ്യാധിയായ ക്ഷയരോഗ നിയന്ത്രണ മികവിന് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന അക്ഷയ കേരള പുരസ്‌ക്കാരം അട്ടപ്പാടിയിലെ ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. സംസ്ഥാന ക്ഷയരോഗ സെല്ലാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഷോളയൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ഒപ്പിട്ട സാക്ഷ്യപത്രം ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ അല്‍ഫോണ്‍സ് പഞ്ചായത്ത് പ്രസിഡന്റ് രതിന രാമമൂര്‍ത്തിക്ക് കൈമാറി.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന ‘എന്റെ ക്ഷയരോഗമുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഒരു വര്‍ഷം ക്ഷയ രോഗമില്ലെന്ന നേട്ടം കൈവരിക്കുകയും, ക്ഷയരോഗം കണ്ടെത്തിയവര്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ചികിത്സ ഇടയ്ക്കുവച്ച് നിര്‍ത്താതെ മുന്നോട്ടു പോയതിനുമാണ് പുരസ്‌ക്കാരം ലഭിച്ചത്.

അഞ്ച് വിദൂര ഊരുകള്‍ ഉള്‍പ്പെടെ 34 ഓളം ഊരുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാരാണ് ക്ഷയ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഫീല്‍ഡ് പ്രവര്‍ത്തകര്‍ ഊരുകള്‍ സന്ദര്‍ശിച്ച് ചുമയുള്ളവരെ കണ്ടെത്തി കഫമെടുത്ത് കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുക്കയും പോസിറ്റീവായവര്‍ക്ക് മരുന്ന് നല്‍കി തുടര്‍ ചികില്‍സ ഉറപ്പു വരുത്തുകയും ചെയ്തു. വിദൂര ആദിവാസി ഊരുകളില്‍ എല്ലാ മാസവും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും രോഗിക്കള്‍ക്ക് കൃത്യമായി മരുന്ന് എത്തിച്ച് നല്‍കുകയും ചെയ്തതിന്റെ ഫലമായാണ് രോഗ നിയന്ത്രണം സാധ്യമായത്. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ഊരുകളില്‍ എല്ലാ മാസവും പ്രത്യേക ക്ലിനിക്കുകളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

പഞ്ചായത്ത് സെക്രട്ടറി ഷാജന്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. അനീഷ് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്. കാളിസ്വാമി , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. രവി, മനോജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.