കട്ടപ്പന ഗവ.കോളേജില്‍ പുതുതായി നിര്‍മ്മിച്ച ലൈബ്രറി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവ ഉദ്ഘാടനം ചെയ്തു.

നിലവാരമുള്ള പഠനാന്തരീക്ഷവും ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും സര്‍ക്കാര്‍ ഒരുക്കി നല്കുന്നതിലൂടെ കലാലയങ്ങള്‍ ഉന്നത നിലവാരത്തിലേയ്ക്ക് എത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കട്ടപ്പന ഗവ.കോളേജില്‍ പുതുതായി നിര്‍മ്മിച്ച ലൈബ്രറി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ ഉദ്ഘാടനവും കിഫ്ബി മുഖേനയുള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.

കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക് വികസനത്തിനും കിഫ്ബി മുഖേന 700 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്കി. ഒരു വിദ്യാര്‍ത്ഥിയെ മികച്ച മനുഷ്യനായി മാറ്റുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
ലോകോത്തര നിലവാരത്തിലുള്ള കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ലബോറട്ടറികള്‍, ലൈബ്രറികള്‍, പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍, സൗരോര്‍ജ്ജ ലാബുകള്‍, കമ്മ്യൂണിറ്റി സ്‌കില്‍ സെന്ററുകള്‍ എന്നിവയെല്ലാം കലാലയങ്ങള്‍ ഉന്നത നിലവാരത്തിലേയ്‌ക്കെത്തുന്നതിന്റെ ഭാഗമാണ്. കേരളത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി രാജ്യത്തിന് മാതൃകയെന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. കേരളത്തില്‍ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച ശ്രദ്ധേയമാണെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി വിദ്യാലയങ്ങളാണ് ഉന്നത നിലവാരത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഓണ്‍ലൈനായി മുഖ്യ പ്രഭാഷണം നടത്തി.
ഉദ്ഘാടന ഭാഗമായി ഗവ.കോളേജില്‍ നടന്ന പ്രാദേശിക യോഗത്തില്‍ കിഫ്ബി പദ്ധതികളുടെ ശിലാസ്ഥാപന കര്‍മ്മം കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോ.വി.കണ്ണന്‍ സ്വാാഗതമാശംസിച്ചു.
പരമ്പരാഗത കേരളീയ ശൈലിയില്‍ നാലുകെട്ട് മാതൃകയില്‍ 5.37 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായിട്ടാണ് ആധുനിക സൗകര്യങ്ങളോടെ ലൈബ്രറി ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വിശാലമായ റെഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി ഹാള്‍, റീഡിംഗ് റൂം, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക റെഫറന്‍സ് വിഭാഗം, റിപോഗ്രാഫിക് സെന്റര്‍, വിവിധ വിഷയങ്ങളിലായി 40000/ പുസ്തകങ്ങള്‍, 5000 റെഫറന്‍സ് ബുക്കുകള്‍, 130 ല്‍ അധികം ജേര്‍ണലുകള്‍, 200 പേര്‍ക്ക് ഇരിക്കാവുന്ന വൈഫൈ സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങള്‍ ലൈബ്രറിയുടെ മാറ്റ് കൂട്ടുന്നു.
2.55 കോടി രൂപാ മുടക്കി 3 നിലകളിലുള്ള 2 കെട്ടിടങ്ങളിലായാണ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്ന് ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് വലിയ ആശ്വാസമാണ് ഈ ക്വാര്‍ട്ടേഴ്‌സ്. 12 ക്വാര്‍ട്ടേഴ്‌സുകളാണ് ഇവിടെ ഉള്ളത്. ഗ്രൂപ്പ് എ വിഭാഗത്തില്‍പെടുന്ന ക്വാര്‍ട്ടേഴ്‌സില്‍ 2 ബെഡ് റൂം, ഒരു ഹാള്‍, 2 ടോയ്‌ലെറ്റ്, അടുക്കള തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്.
7.13 കോടി രൂപ ചെലവില്‍ കിഫ്ബി പദ്ധതിയില്‍പ്പെടുത്തി ആധുനിക സൗകര്യത്തോടുകൂടിയ 3 നിലയിലുള്ള അക്കാദമിക് ബ്ലോക്ക്, അനദ്ധ്യാപക ജീവനക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സ്, ഗസ്റ്റ് ഹൗസ് എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.