1. വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ കളിസ്ഥലവും രാഷ്ട്രീയകക്ഷികള്‍ക്ക് റാലിക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.
2. പൊതുസ്ഥലത്ത് പ്രചാരണ സാമഗ്രികള്‍ നിയമങ്ങള്‍ക്കനുസൃതമായി സ്ഥാപിക്കാം.
3. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരില്‍ എഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി പത്രം വാങ്ങേണ്ടതും വരണാധികാരിയുടെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്നുദിവസത്തിനകം സമര്‍പ്പിക്കണം.
4. പ്രകടനം നടക്കുമ്പോള്‍ രാഷ്ട്രീയകക്ഷിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ വാഹനത്തില്‍ തിരഞ്ഞെടുപ്പ് പരസ്യം കൊടി എന്നിവ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമാക്കി പ്രദര്‍ശിപ്പിക്കാം.
5. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും സമാനമായ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും താമസസൗകര്യം ഭരണത്തിലിരിക്കുന്ന കക്ഷി കുത്തകയാക്കി വെക്കാന്‍ പാടില്ല. മറ്റു കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ താമസസൗകര്യം അനുവദിക്കേണ്ടതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ഓഫീസിനായി ഉപയോഗിക്കാന്‍ പാടില്ല. രാഷ്ട്രീയകക്ഷിയുടെ അനൗദ്യോഗിക യോഗങ്ങള്‍ പോലും ഇത്തരം സ്ഥാപനങ്ങളില്‍ വച്ച് ചേരുവാന്‍ അനുവദിക്കരുത്. ഇതിന്റെ ലംഘനം മാതൃക പെരുമാറ്റ സംഹിതയുടെ ലംഘനമായി കണക്കാക്കും. ആര്‍ക്കുംതന്നെ 48 മണിക്കൂറില്‍ കൂടുതല്‍ സമയത്തേക്ക് മുറി അനുവദിക്കാന്‍ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയത്തേക്ക് മുകളില്‍ സൂചിപ്പിച്ചവര്‍ക്ക് മുറി അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കണം.
6. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിന് ഡമ്മി ബാലറ്റ് യൂണിറ്റുകള്‍ ഉപയോഗിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് നിയന്ത്രണമുണ്ട്. യഥാര്‍ത്ഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലിപ്പത്തില്‍ ഉള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റ് യൂണിറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് യഥാര്‍ഥ ബാലറ്റ് യൂണിറ്റുകളുടെ നിറത്തില്‍ ആകാന്‍ പാടില്ല.
7. ദൈവങ്ങളുടെയോ ആരാധന മൂര്‍ത്തീകളുടെയോ ചിത്രം ആലേഖനം ചെയ്ത ഡയറി,കലണ്ടര്‍, സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല.
8. പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്ലാസ്റ്റിക്, ഫ്‌ലക്‌സ് എന്നിവ ഒഴിവാക്കി പ്രചരണ സാമഗ്രികള്‍ തയ്യാറാക്കാന്‍ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും ബാധ്യസ്ഥരാണ്.

#election2020
#idukkidistrict