കോഴിക്കോട്:  കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പറഞ്ഞു. 2021-22 വാര്‍ഷിക പദ്ധതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ മേഖലയിലും വികസനം സൃഷ്ടിച്ചുകൊണ്ട് പുതിയ കോഴിക്കോടിനെ വളര്‍ത്തിയെടുക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഭിന്നശേഷി സൗഹാര്‍ദ്ദപരമായിരിക്കണം.

ക്രാഡില്‍ പദ്ധതിപ്രകാരം ഘട്ടം ഘട്ടമായി എല്ലാ അങ്കണവാടികളുടേയും നിലവാരം മെച്ചപ്പെടുത്തണം. ഭിന്നശേഷി ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, അടിസ്ഥാനസൗകര്യം വിപുലീകരിക്കാനുമുളള നടപടിയുണ്ടാവും. ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളോ പ്രയാസങ്ങളോ പരിഹരിക്കുന്നതിന് ഭൂമിത്ര പദ്ധതി നടപ്പാക്കുകയും കൂടാതെ ഓരോ താലൂക്ക് തലത്തിലും ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും ഉത്തരവാദിത്ത ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ പറഞ്ഞു. സമഗ്ര കോളനി വികസനം, തെരുവില്‍ ജീവിക്കുന്നവരുടെ പുനരധിവാസം, സ്ത്രീസുരക്ഷ, ആരോഗ്യരംഗത്തെ പുതിയ പദ്ധതികള്‍, സ്വയം സംരംഭ പദ്ധതികള്‍ സംബന്ധിച്ച വിഷയങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.

വടകര, തൂണേരി, കുന്നുമ്മല്‍, തോടന്നൂര്‍, മേലടി, പേരാമ്പ്ര ബാലുശ്ശേരി, പന്തലായനി, ചേളന്നൂര്‍, കൊടുവളളി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഇവയുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും മുഴുവന്‍ നഗരസഭകളുടെയും യോഗമാണ് ചേര്‍ന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ മേഖലകളില്‍ മുന്‍ഗണന നല്‍കി ഏറ്റെടുക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയതു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെയും സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.