മലപ്പുറം: കൂട്ടിലങ്ങാടി- കുറുവ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീരംകുണ്ട് തോടിന് കുറുകെയുള്ള കീരംകുണ്ട് പാലത്തിന്റെ പുനർ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈനായി നിർവഹിച്ചു. രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങളുടെ അഭിലാഷം കണക്കിലെടുത്താണ് സർക്കാർ പാലം പുനർ നിർമിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.  ടി.എ.അഹമ്മദ് കബീർ എം.എൽ.എ അധ്യക്ഷനായി.
മൂന്നു കോടി രൂപ ചെലവഴിച്ചാണ് പാലം പുനര്‍നിര്‍മിക്കുന്നത്.നിലവിൽ ഉണ്ടായിരുന്ന 23.65 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള കാലംപഴക്കംചെന്ന പാലത്തിലൂടെയുള്ള യാത്ര ഏറെ പ്രയാസം നിറഞ്ഞതായിരുന്നു.  ഈ ബുദ്ധിമുട്ടുകൾ പരിഹരിച്ച്‌ പാലം പുനർ നിർമിക്കുന്നതിലൂടെ ജനങ്ങളുടെ ഏറെ നാളത്തെ യാത്ര പ്രശ്നങ്ങൾക്കാണ് പരിഹാരമാവുക.  12മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനോട് കൂടി ആകെ 24 മീറ്റർ നീളവും 7.5 മീറ്റർ റോഡ് വേയും ഒരുവശത്ത് 1.5 മീറ്റർ നടപ്പാതയുമടക്കം 9 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ബോർഡ് കാസ്റ്റ് ഇൻ സിറ്റു പൈലിൽ അടിത്തറയും ആർ.സി.സി അബ്ടമെന്റ്, വാൾപിയർ, സ്‌ബേമർസിബിൾ സ്ളാബ് എന്നിവയോട് കൂടിയ മേൽ തട്ടുമായാണ് പാലം നിർമിക്കാൻ ഉദേശിക്കുന്നത്. ഇരുഭാഗങ്ങളിലും 60 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള ബി.എം ആൻഡ് ബി.സി. അപ്രോച്ച് റോഡും ഈ പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. അരഞ്ഞിക്കൽ ഗ്രൂപ്പ് ഓഫ് കൺസ്ട്രക്ഷൻസിനാണ് പാലത്തിന്റെ നിർമാണ ചുമതല.
 മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. കരീം, കുറുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ, കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.ഹുസൈൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.ജമീല, കുറുവ ഗ്രാമപ്പഞ്ചായത്ത് മെമ്പർ മുസ്തഫ കൂരി, കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് മെമ്പർ ഷബീബ ഹമീദ്,  പാലക്കാട് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. ഹരീഷ്, മഞ്ചേരി പാലങ്ങൾ ഉപവിഭാഗം  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാമകൃഷ്ണൻ പാലശ്ശേരി, പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ടി.കെ.ഷമീർ ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പൊന്നാട് -വാഴക്കാട് റോഡ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു
കൊണ്ടോട്ടിയിൽ നവീകരിച്ച പൊന്നാട്- വാഴക്കാട് റോഡ് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈനായി  ഉദ്ഘാടനം ചെയ്തു.2017-2018 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് റോഡ്  ബി.എം.ആൻഡ്.ബി.സി ചെയ്തിട്ടുള്ളത്. മൂന്നു കോടി രൂപ ചെലവിലാണ്   പൊന്നാട് വഴക്കാട് റോഡ് നവീകരിച്ചത്.ചീക്കോട് വാഴക്കാട് പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധപ്പിക്കുന്ന 3.3 കിലോമീറ്ററാണ് ദൂരമാണ് റോഡിനുള്ളത്. റോഡിന് മാര്‍ക്കിങ്  നടത്തി സിഗ് നല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ചടങ്ങിൽ  ടി.വി ഇബ്രാഹിം എം.എൽ. എ  അധ്യക്ഷനായി. റോഡിന്റെ ശിലാഅനാച്ഛാദനവും  എം. എൽ.എ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ  റുഖിയ്യ ശംസുദ്ധീൻ, ഷജിനി ഉണ്ണി,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  മലയിൽ അബ്ദുറഹിമാൻ, എളങ്കയിൽ മുംതാസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷരീഫ ടീച്ചർ, സുഭദ്ര ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഗഫൂർ ഹാജി, എ.കെ അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.പി സഈദ്,   ഇ.പി വസന്തകുമാരി, ചീക്കോട് ഗ്രാമപഞ്ചായത്ത് അംഗം  ജീന സിദ്ധീഖ്, വിവിധ രാഷ്ട്രീയ പാർട്ടി  പ്രതിനിധികൾ  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.