കാസര്‍ഗോഡ്:    ദേശീയ കുഷ്ഠ രോഗനിര്‍മ്മാര്‍ജ്ജന പക്ഷാചരണ ദിനാചരണത്തിന്റെ ഭാഗമായി ആക്റ്റീവ് കേസ് ഡിറ്റക്ഷന്‍ ആന്‍ഡ് റഗുലര്‍ സര്‍വയലന്‍സ് അശ്വമേധം -3 ന്റെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എം രാജഗോപാലന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.വി. രാംദാസ് മുഖ്യ പ്രഭാഷണം നടത്തി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ആശ, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ മോഹനന്‍ പിള്ള ബി, ജില്ലാ ഡെപ്യൂട്ടി മാസ്സ്മീഡിയ ഓഫീസര്‍ സയന എസ്, ഡി പി എച്ച് എന്‍ ഇന്‍ചാര്‍ജ് ശ്രീമണി എം പി, എന്നിവര്‍ സംസാരിച്ചു. ചെറുവത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി ജി രമേഷ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ ടി നന്ദിയുംപറഞ്ഞു.

ചടങ്ങിന് ശേഷം എംഎല്‍എ യുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി കുഷ്ഠരോഗ ബോധവത്കരണ ലഘുലേഖവിതരണം ചെയ്തു. നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍മാരായ രാജന്‍ കരിമ്പില്‍, എന്‍ സുകുമാരന്‍, സി മധുസൂദനന്‍, പിഎച്ച് എന്‍ ഉഷ പിവി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍ പികെ, ജെപി എച്ച് എന്‍ അനിത കെ, പിആര്‍ ഒ രമ്യ പിവി എന്നിവര്‍ സര്‍വ്വേ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ജില്ലയില്‍ ചികിത്സയിലുള്ളത് 28 കുഷ്ഠ രോഗികള്‍
2020-21 വര്‍ഷത്തില്‍ ഇതുവരെ അഞ്ച് പുതിയ രോഗികളെ കണ്ടെത്തി. നിലവില്‍ 28 രോഗികളാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 2019-20 വര്‍ഷത്തില്‍ ജില്ലയില്‍ കുഷ്ഠരോഗ ബാധയുള്ള 25 പേരെയാണ് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയത്. രോഗ ലക്ഷണങ്ങളുള്ളവരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനും അതുവഴി സമൂഹത്തിലെ രോഗസംക്രമണം ഇല്ലാതാക്കുന്നതിനുമായി വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍വഴി ഫീല്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഒളിഞ്ഞിരിക്കുന്ന കേസുകള്‍ കണ്ടെത്തുകയാണ് അശ്വമേധം ക്യാമ്പയിലൂടെ ലക്ഷ്യമിടുന്നത്.