കാസര്‍ഗോഡ്:  ജില്ലയിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് വോട്ടർ പട്ടികയിൽ പേര്‌ചേർക്കാനുള്ള നടപടികൾ മാർച്ച് ആറിനകം പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. മാർച്ച് നാലിന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കൽ ഓഫീസിൽ സ്‌ക്രീനിംഗ് നടത്തും. മാർച്ച് ആറിനുള്ളിൽ സ്‌ക്രീനിംഗ് പൂർത്തീകരിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള നടപടികൾ പൂർത്തീകരിക്കും.

സ്‌ക്രീനിംഗിൽ പങ്കെടുക്കാത്തവർക്കായി ബോധവത്കരണ ക്ലാസ് നടത്തും. ജില്ല മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ്, ഒരു ട്രാൻസ്‌ജെൻഡർ എന്നിവരടങ്ങുന്ന സമിതിയായിരിക്കും സ്‌ക്രീനിംഗ് നടത്തുക. കണക്കുകൾ പ്രകാരം ജില്ലയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട 125 പേരാണുള്ളത്. എന്നാൽ, നിലവിൽ ഏഴ് പേർക്കാണ് വോട്ടർ ഐ ഡി കാർഡുള്ളത്.ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളിൽ കാഞ്ഞങ്ങാട്ടും കാസർകോട്ടും ഒരോന്ന് വീതം ട്രാൻസ്‌ജെൻഡർ സൗഹൃദമായി നിർമ്മിക്കാനും തീരുമാനിച്ചു.