ആധാര്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായത്തിന് അപേക്ഷ, ഇ-വേ ബില്‍ സംശയനിവാരണം
കൊച്ചി: പ്രദര്‍ശന വിപണന മേളയ്ക്കപ്പുറം വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ സഹായകേന്ദ്രമായി മാറുകയാണ് ‘ജനകീയം 2018 ‘. ആധാര്‍ കാര്‍ഡെടുക്കാനും ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് അപേക്ഷ നല്‍കാനും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും തുടങ്ങി ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും മേളയില്‍ ലഭ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മറൈന്‍ ഡ്രൈവില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചത്.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. അതോടൊപ്പം മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ഉദ്യോഗസ്ഥര്‍ മേളയിലൂടെ ശ്രമിക്കുന്നത്.
ചെക്ക് പോസ്റ്റ് സംവിധാനം ഒഴിവാക്കിയതിനെ തുടര്‍ന്ന് വ്യാപാരികള്‍ ഉപയോഗിക്കേണ്ട ഇ- വേ ബില്ലിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാനാണ് ചരക്കു സേവന  നികുതി വകുപ്പ് ഉദ്ദേശിക്കുന്നത്. ഇ-വേ ബില്ലിനെ ക്കുറിച്ച് അറിയേണ്ട തെല്ലാം വകുപ്പ് സന്ദര്‍ശകര്‍ക്ക് വ്യക്തമാക്കുന്നുണ്ട്. ഇതിനായി മൂന്ന് ഉദ്യോഗസ്ഥരുടെ സേവനം സ്റ്റാളില്‍ എപ്പോഴുമുണ്ട്. ബില്‍ ആരൊക്കെയാണ് എടുക്കേണ്ടത് ഏതു രീതിയിലാണ് എടുക്കേണ്ടത് തുടങ്ങി സംശയങ്ങള്‍ക്ക് നിവാരണം നല്‍കന്നു വകുപ്പിന്റെ സ്റ്റാള്‍.
ജനങ്ങള്‍ക്കാവശ്യമായ പല സേവനങ്ങളുമായാണ് ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി വകുപ്പ് എത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും വകുപ്പില്‍ നിന്നും ലഭിക്കും. ആധാര്‍ കാര്‍ഡിലെ തെറ്റു തിരുത്താന്‍ ഇന്നലെ നിരവധി പേര്‍ സ്റ്റാളിലെത്തി. പുതിയ കാര്‍ഡ് എടുക്കാനും ജനങ്ങള്‍ സ്റ്റാളിനെ ആശ്രയിച്ചു. തിരിച്ചറിയല്‍ കാര്‍ഡ്,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ,ലഭിക്കുന്നതിന്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവക്കെല്ലാമുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്റ്റാളില്‍ നിന്നും അയയ്ക്കാം.
ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷകളും ഇതോടൊപ്പം അയക്കാം. ആര്‍.സി ബുക്കിന്റെ പുതുക്കല്‍  ലേണേഴ്സിന്റെ റിന്യുവല്‍ തുടങ്ങി മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ മുഴുവന്‍ സേവനങ്ങളും മേളയില്‍ ലഭ്യമാണ്.  ബാങ്ക് അക്കൗണ്ടുമായും ഫോണ്‍ നമ്പറുമായും ആധാര്‍ ലിങ്കുചെയ്യാനും ഇവിടെ സൗകര്യമുണ്ട്. നിലവില്‍ യൂണിയന്‍ ബാങ്കിന്റെ സേവനമാണ് ലഭിക്കുന്നത്.
മേളയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മറ്റൊരു പ്രധാന സേവനമാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് വിതരണം. മുന്‍പ് അക്ഷയ കേന്ദ്രത്തില്‍ അപേക്ഷ നല്‍കിയവര്‍ക്ക് നമ്പരുമായി വന്നാല്‍ മേളയിലെ വകുപ്പിന്റെ സ്റ്റാളില്‍ നിന്നും കാര്‍ഡുമായി മടങ്ങാം. റേഷന്‍ കാര്‍ഡും മുപ്പതു രൂപയും ഒപ്പം കരുതണം. അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡായ ആവാസ് കാര്‍ഡിനുള്ള അപേക്ഷയും മേളയില്‍ നല്‍കാം.
വേറിട്ട നിയമോപദേശവുമായാണ് കേരള റോഡ് സുരക്ഷാ അതോറിറ്റി എത്തിയിട്ടുള്ളത്. റോഡ് നിയമങ്ങളെക്കുറിച്ചുള്ള പ്രശ്‌നോത്തരിയില്‍ പങ്കെടുത്താല്‍ സമ്മാന ങ്ങളുമായി മടങ്ങാം. വകുപ്പ് നല്‍കുന്ന എട്ട് ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കിയാല്‍ ഗ്ലാസ് സമ്മാനമായി ലഭിക്കും. അഞ്ചെണ്ണത്തിന് ശരിയുത്തരം നല്‍കിയാല്‍ കീ ചെയിന്‍ സമ്മാനമായി ലഭിക്കും. എളുപ്പ വഴിയിലൂടെ നിയമങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്കെത്തിക്കുകയാണ് വകപ്പിന്റെ ലക്ഷ്യം.