തൃശ്ശൂർ: വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം തളിക്കുളം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി പ്രകാരം അനുവദിച്ച 38 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഉപയോഗപ്പെടുത്തിയാണ് വാടാനപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്. എക്‌സ്-റേ യൂണിറ്റിനായി സി സി മുകുന്ദന്‍ എംഎല്‍എ അനുവദിച്ച 20 ലക്ഷം രൂപയും ഇതിനായി ഉപയോഗപ്പെടുത്തും.രോഗി സൗഹൃദ ആശുപത്രിയായി മാറുന്നതോടെ ഒട്ടേറെ സൗകര്യങ്ങളാണ് രോഗികള്‍ക്കായി ഇവിടെ ഒരുക്കുന്നത്. പ്രീ -ചെക്കപ്പ് സൗകര്യങ്ങള്‍, രജിസ്‌ട്രേഷന്‍, സ്വകാര്യതയുള്ള ഒ പി മുറികള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, കുടിവെള്ള സൗകര്യം, ലാബ്, ഫാര്‍മസി, സ്വകാര്യയുള്ള കുത്തിവെപ്പ്, ഡ്രസ്സിങ് മുറികള്‍ എന്നിവ സജ്ജീകരിക്കും.

സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതിനുള്ള ശ്രമത്തിലാണ് തളിക്കുളം ബ്ലോക്ക്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ബി സുരേഷ് കുമാര്‍, നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ റാണ, എന്‍എച്ച് എം എന്‍ജിനീയര്‍ ശോഭ എന്നിവര്‍ ആര്‍ദ്രം അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട്സാ മൂഹികരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു.