കാസര്‍ഗോഡ്: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ വിവിധ ജില്ലാ സ്പോർട്സ് അക്കാദമികളിലേക്ക് സ്‌കൂൾ, പ്ലസ് വൺ, കോളേജ് തലങ്ങളിലുള്ള കായിക താരങ്ങളുടെ ജില്ലാതല തെരഞ്ഞെടുപ്പ് പെരിയ ജവാഹർ നവോദയ സ്റ്റേഡിയത്തിൽ ജൂലൈ 16ന് രാവിലെ എട്ടിന് നടക്കും. അത്ലറ്റിക്, ഫുട്ബോൾ, വോളിബോൾ ഇനങ്ങളിലാണ് തെരഞ്ഞെടുപ്പ്. പങ്കെടുക്കുന്ന കായിക താരങ്ങൾ 24 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും പ്ലസ് വൺ, ഡിഗ്രി ഒന്നാം വർഷ പ്രവേശനം ആഗ്രഹിക്കുന്നവർക്കുമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

അത്ലറ്റിക്, ഫുട്ബോൾ, വോളിബോൾ ഇനങ്ങളിൽ ജില്ലാ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് പ്രവേശന കാർഡ് ലഭിച്ചവർക്ക് മാത്രമേ സോണൽ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ സാധിക്കൂ. 14 വയസിൽ താഴെയുള്ളവർക്ക് ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ഏതു ക്ലാസിൽ പഠിക്കുന്നുവെന്ന് പ്രഥമാധ്യാപകൻ/പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്, അതത് കായിക ഇനങ്ങളിൽ മികവ് തെളിയിച്ച ഒറിജിനൽ സർട്ടിഫിക്കറ്റ്, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. വോളിബാൾ സ്‌കൂൾ ഹോസ്റ്റൽ സെലക്ഷനിൽ പങ്കെടുക്കുന്ന ആൺകുട്ടികൾക്ക് കുറഞ്ഞത് 170 സെന്റീമീറ്ററും പെൺകുട്ടികൾക്ക് 163 സെന്റീമീറ്ററും ഉയരവും ഉണ്ടായിരിക്കണം. പ്ലസ് വൺ, കോളേജ് തലത്തിൽ വോളിബാളിനു ആൺകുട്ടികൾക്ക് 185 സെന്റീമീറ്ററും പെൺകുട്ടികൾക്കു 170 സെന്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം. ഫോൺ: 9946049004, 9847380147.