എറണാകുളം : കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ജില്ലയിലെ വനം വകുപ്പിന് കീഴിലുള്ള ടൂറിസം സെന്ററുകൾ ഓഗസ്റ്റ് 12 ന് തുറന്ന് നൽകും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ടൂറിസ്റ്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. കപ്രിക്കാട് അഭയാരണ്യം ഇക്കോ ടൂറിസം സെന്റർ, നെടുംപാറച്ചിറ ഇക്കോ ടൂറിസം സെന്റർ, പാണംകുഴി ഇക്കോ ടൂറിസം സെന്റർ, നെടുമ്പാശ്ശേരി സുവര്‍ണ്ണഉദ്യാനം ബയോളജിക്കല്‍ പാര്‍ക്ക് ‌ എന്നിവയാണ് സന്ദർശകർക്കായി തുറന്ന് നൽകുന്നത്.

ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർ ഒരു വാക്‌സിനേഷനെങ്കിലും എടുത്ത സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. വാക്‌സിൻ എടുക്കാത്തവർക്ക് 72 മണിക്കൂറിന് മുൻപ് എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബ്ധമായും വേണം. കുട്ടികൾക്ക് വാക്‌സിൻ ലഭിക്കാത്തതിനാൽ അവരും ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റ് എടുക്കണം. ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾ കൂട്ടം കൂടുന്നത് പൂർണമായും ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യും.