സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്ത് 16ന് തിങ്കളാഴ്ച ആരംഭിക്കും. ജില്ലയില്‍ നിന്നും 878 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 511 പേര്‍ സ്ത്രീകളും 367 പേര്‍ പുരുഷന്‍മാരുമാണ്. 100 പട്ടികജാതി വിഭാഗം പഠിതാക്കളും ഒരു പട്ടികവര്‍ഗ്ഗ വിഭാഗം പഠിതാവും പരീക്ഷയെഴുതുന്നുണ്ട്. കൂടാതെ ഭിന്നശേഷിക്കാരായ 23 പഠിതാക്കളും പരീക്ഷയെഴുതാന്‍ തയ്യാറായിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് കൂടി അവസരമൊരുക്കിയാണ് സമ്പര്‍ക്ക പഠനം പൂര്‍ത്തീകരിച്ചത്. സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറുകള്‍ ഉള്‍പ്പെടുത്തി അക്ഷരകൈരളി മാസിക പഠന സഹായിയായി പ്രസിദ്ധീകരിച്ച് പഠിതാക്കള്‍ക്ക് നല്‍കിയിരുന്നു. കോര്‍പ്പറേഷന്‍ സാക്ഷരതാ മിഷന്‍ മുഖേന നടപ്പാക്കുന്ന സമ പദ്ധതിയില്‍ പഠനം പൂര്‍ത്തീകരിച്ച 66 വയസ്സുകാരി ശ്യാമള കുമാരി അമ്മയാണ് ജില്ലയിലെ മുതിര്‍ന്ന പഠിതാവ് ഇവരുടെ മരുമകളായ നിന്‍സിയും ശ്യാമള കുമാരി അമ്മയ്‌ക്കൊപ്പം പത്താം തരം തുല്യത പരീക്ഷ എഴുതുന്നുണ്ട്. പ്രമോഷനും ഉപരിപഠനത്തിനും മറ്റും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി പഠനം പൂര്‍ത്തീകരിക്കുന്നവരും പഠിതാക്കളില്‍ ഉള്‍പ്പെടുന്നു.