മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച്  ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

സന്നിധാനത്തും പരിസരത്തുമായി 680 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 580 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ആറ് ഡിവൈഎസ്പിമാര്‍, 50 എസ്‌ഐ/എഎസ്‌ഐമാര്‍, 15 സിഐമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സംഘം. കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സേവനം അനുഷ്ഠിക്കുന്നുണ്ട്.

സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണത്തിനായി നാലുപേരും, ടെലി കമ്യൂണിക്കേഷനില്‍ 20 പേരും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായി 24 മണിക്കൂറും പോലീസ് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.