കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വര്‍ഷം മുഴുവന്‍ മഴ എന്ന സ്ഥിതിയിലേക്ക് നീങ്ങുമ്പോള്‍ അതിനെ മറികടക്കാനുള്ള നിര്‍മ്മാണ രീതികള്‍ ആവശ്യമായി  വരുമെന്ന്  പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഇപ്പോഴത്തെ കാലാവസ്ഥയെ അതിജീവിക്കുന്ന റോ‍ഡുകളെ കുറിച്ചാണ് നമ്മള്‍ ഇതുവരെ സംസാരിച്ചിരുന്നത്.  എന്നാല്‍ ഈ കാലാവസ്ഥയില്‍ എങ്ങനെ റോഡു പണി നടത്താം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കൂടി പൊതുമരാമത്ത് വകുപ്പ് കടന്നിരിക്കുകയാണ്. മഴക്കിടയിലും റോഡ് പണി നടത്താനുള്ള സാങ്കേതിക വിദ്യ വിദേശരാജ്യങ്ങളിലുണ്ടോ എന്ന പരിശോധന ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് നമ്മുടെ നിര്‍മ്മാണ പ്രവൃത്തികളെയാണ് . പ്രത്യേകിച്ചും റോഡ് നിര്‍മ്മാണമേഖലയെ ഇത് ബാധിക്കുന്നുണ്ട്. വര്‍ഷം മുഴുവന്‍ മഴ എന്ന സ്ഥിതിയിലേക്ക് മാറി കഴിഞ്ഞു.
നവംബര്‍ പകുതിയോടെ തുടങ്ങി മെയ് മാസം വരെയുള്ള കാലയളവിലാണ് കേരളത്തില്‍ വേഗതയില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ നടക്കുക. മാര്‍ച്ച്, ഏപ്രില്‍ , മെയ് മാസങ്ങളില്‍ മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങളും നടക്കും. കാലവര്‍ഷ സമയത്തെ അറ്റകുറ്റപ്പണി സപ്തംബര്‍ , ഒക്ടോബര്‍ മാസങ്ങളിലും നടക്കും.  മഴ ഇതിനെ ഒക്കെ ബാധിച്ചിട്ടുണ്ട്.
മഴ മാറി നില്‍ക്കുന്ന  സമയങ്ങളില്‍ പ്രവൃത്തി നടത്താനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരമൊരു കാലാവസ്ഥ തുടര്‍ന്നാല്‍ പുതിയ രീതികള്‍ അവലംബിക്കേണ്ടി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ മഴയില്‍ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ മഴ നില്‍ക്കുമ്പോള്‍ അറ്റകുറ്റപ്പണി നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് നടത്തിയതായും മന്ത്രി പറഞ്ഞു.