വിപുല പരിപാടികളോടെ കൊല്ലം ജില്ലയില്‍ എയ്ഡ്‌സ് ദിനാചരണം. ജില്ലാതല ഉദ്ഘാടനം ആശ്രാമം ഐ.എം.എ ഹാളില്‍ നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര നിര്‍വഹിച്ചു. 2025-ഓടെ സമ്പൂര്‍ണ്ണ എയ്ഡ്സ് നിര്‍മാര്‍ജ്ജനമാണ് ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണെന്ന് പറഞ്ഞു. അശ്രാമം വാര്‍ഡ് കൗണ്‍സിലര്‍ എസ്. സജിതാനന്ദ് അധ്യക്ഷയായി.
‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം എയിഡ്‌സും, മഹാമാരികളും ഇല്ലാതാക്കാം’ എന്ന സന്ദേശമാണ് ഇത്തവണ സന്ദേശം. ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിനെ ബാഡ്ജ് ധരിപ്പിച്ചു.
കെ. എസ് ആര്‍. ടി. സി. ബസ് സ്റ്റേഷനില്‍ ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ബോധവല്‍ക്കരണ റാലി അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണര്‍ ഡി. വിജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
വിവിധ നഴ്‌സിംഗ് കോളേജുകളുടെ സ്‌കിറ്റ്, ഫ്‌ളാഷ് മോബ് മത്സരങ്ങളും നടന്നു. റാലി, കലാമത്സരങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനം ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര നിര്‍വഹിച്ചു. റാലിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്, ബെന്‍സിഗര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്, നായേഴ്‌സ് സ്‌കൂള്‍ ഓഫ് നേഴ്‌സിങ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സന്ദേശം നല്‍കി. ഐ.എം.എ കൊല്ലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. വിനോദ് ജോര്‍ജ് ഫിലിപ്പ് പ്രതിജ്ഞ ചൊല്ലി. വിവിധ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജില്ലാ ടി.ബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. പി.പ്ലാസ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ആര്‍. സന്ധ്യ, ഡെപ്യൂട്ടി ഡി. എം. ഒമാരായ ഡോ. ജെ.മണികണ്ഠന്‍, ഡോ. എം. സാജന്‍ മാത്യുസ്, ജില്ലാ ആരോഗ്യദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍, എ.ആര്‍.ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സന്തോഷ് കുമാര്‍, മാസ് മീഡിയ ഓഫീസര്‍മാരായ എം. ദിലീപ് ഖാന്‍, എസ്. ശ്രീകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.