സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ‘വിദ്യാകിരണം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എറണാകുളം ജില്ലയിലെ ആറു സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 10 വ്യാഴാഴ്ച പകല്‍ 11.30 ന് നാടിന് സമര്‍പ്പിക്കും. സംസ്ഥാനത്താകെ 53 വിദ്യാലയങ്ങളാണു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

എറണാകുളം ജില്ലയില്‍ ജി.വി.എച്ച്.എസ്.എസ് പല്ലാരിമംഗലം, ജി.ജി.എച്ച്.എസ്.എസ് നോര്‍ത്ത് പറവൂര്‍, ജി.യു.പി.എസ് കണ്ടന്തറ, ജി.എല്‍.പി.എസ് വളയന്‍ചിറങ്ങര, ജി.യു.പി.എസ് കുമ്പളങ്ങി, ജി.വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി എന്നീ സ്‌കൂളുകളാണ് മുഖ്യമന്ത്രി സമര്‍പ്പിക്കുന്നത്.

തിരുവനന്തപുരം പൂവച്ചല്‍ ജി.വി.എച്ച്. എസ്. എസില്‍ സംസ്ഥാനതല ഉദ്ഘാടനം നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകും. മറ്റിടങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടന ചടങ്ങ് നടത്തും. കിഫ്ബിയുടെ അഞ്ചുകോടി ധനസഹായത്തില്‍ നിര്‍മിച്ച നാലു കെട്ടിടവും, മൂന്നുകോടി ധനസഹായത്തോടെ 10 കെട്ടിടങ്ങളും, ഒരു കോടി രൂപ ധനസഹായത്തോടെ രണ്ടു സ്‌കൂള്‍ കെട്ടിടങ്ങളും, പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 37 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് സംസ്ഥാനത്താകെയുളളത്.