അത്യാധുനിക മികവോടു കൂടി രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി പല്ലാരിമംഗലം ജി.വി.എച്ച്.എസ്.എസ്. 2020 ല്‍ ആരംഭിച്ച ഹൈസ്‌കൂള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നു കോടി ചെലവിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും.

മൂന്നു നിലകളിലായി ആധുനിക രീതിയിലുള്ള ഒന്‍പത് ഹൈ ടെക് ക്ലാസ് മുറികളും എല്ലാ നിലകളിലും ടോയ്‌ലറ്റുകളും ഒരുക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആറ് ക്ലാസ് മുറികള്‍ ഉള്‍പ്പെടെ ആകെ 15 ക്ലാസ് മുറികളാണുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിലൂടെയാണു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്.

ആദ്യഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ലൈബ്രറിയും സ്‌കൂളിന്റെ മികവ് ഉയര്‍ത്തുന്നു. പതിനായിരം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ടു വിഭാഗങ്ങളിലായി 240 കുട്ടികളും വി.എച്ച്.എസ്.സി യില്‍ 150 കുട്ടികളും ഹൈസ്‌കൂളില്‍ 526 കുട്ടികളും ഉള്‍പ്പെടെ നഴ്‌സറി മുതല്‍ ആയിരത്തോളം കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. എന്‍.സി.സി കേഡറ്റുകള്‍ക്കു പ്രത്യേക പരിശീലനം സ്‌കൂളില്‍ നല്‍കുന്നുണ്ട്. സ്‌കൂളിന്റെ പി.ടി.എ പ്രവര്‍ത്തനങ്ങളും മികച്ച നിലവാരം പുലര്‍ത്തുന്നതാണ്.