പതിനാല് ബ്ലോക്ക് പഞ്ചായത്തുകളാല്‍ സമ്പന്നമാണ് എറണാകുളം ജില്ലാ പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ എല്ലാ മേഖലയിലും വികസനം ലക്ഷ്യമാക്കി അതിവേഗം മുന്നേറുകയാണു ജില്ല. എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍, മുന്നോട്ടുള്ള ലക്ഷ്യങ്ങള്‍, അടിസ്ഥാന വികസന മാതൃകകള്‍, നടപ്പിലാക്കിയ കാര്യങ്ങള്‍ എന്നിവയെക്കുറിച്ചു മനസ് തുറക്കുകയാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഉല്ലാസ് തോമസ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ…
കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ ?
സമസ്ത മേഖലകള്‍ക്കും പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കിയത്. കാര്‍ഷികമേഖല, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍, വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ രംഗത്തും വികസനം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നുണ്ട്.
നാളികേര ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേരഗ്രാമം പദ്ധതി;കാര്‍ഷിക മേഖലയില്‍ മുന്നേറ്റം
നെല്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡികള്‍ ഉള്‍പ്പടെയുള്ളവ ഒരു വര്‍ഷത്തിനിടെ കൃത്യമായി വിതരണം ചെയ്തു. കൂടാതെ നാളികേര ഉത്പാദനം വ്യാപകമാക്കുന്നതിന്റെ ഭാഗമായി എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഒരു പഞ്ചായത്തിനെ വീതം തെരഞ്ഞെടുത്ത് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. സര്‍ക്കാര്‍ ഫാമുകളില്‍ തയ്യാറാക്കിയ തെങ്ങിന്‍ തൈകളാണ് ഇതിനായി വിതരണം ചെയ്യുന്നത്. ജാതി കൃഷി വ്യാപിപ്പിക്കുന്നതിനായി ബ്ലോക്ക് തലത്തില്‍ ഒരു ഗ്രാമപഞ്ചായത്തില്‍ ജാതിഗ്രാമം പദ്ധതിയും നടപ്പാക്കുന്നുണ്ട്. പൊക്കാളി കൃഷി വ്യാപിപ്പിക്കുന്നതിനായി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയുടെ പ്രധാന നെല്‍കൃഷി പ്രദേശമായ തോട്ടറ പുഞ്ചയിലും നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ക്ഷീരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് സബ്‌സിഡി ഉള്‍പ്പടെ നല്‍കുന്നുണ്ട്. മത്സ്യകൃഷിയുടെ വളര്‍ച്ചയ്ക്കു നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കരിമീന്‍ കൃഷി, റീകള്‍ച്ചര്‍ അക്വാ സിസ്റ്റം, പടുതാക്കുളം, വീട്ടുവളപ്പിലെ മീന്‍ വളര്‍ത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നുണ്ട്.
വനിതകള്‍ക്ക് പ്രാധാന്യം നല്‍കി വ്യവസായ സംരംഭങ്ങള്‍
വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയുള്ള വ്യവസായ സംരംഭങ്ങള്‍ ഉള്‍പ്പടെ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ചോക്ലേറ്റ് നിര്‍മാണ യൂണിറ്റ്, റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ യൂണിറ്റ്, നാപ്കിന്‍ നിര്‍മാണ യൂണിറ്റ് ഉള്‍പ്പടെയുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചു. ഇതിനു പുറമെ വനിതാ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വനിതാ വ്യവസായകേന്ദ്രങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍;നിര്‍ധനരായ ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങ്
കേരളത്തില്‍ ഏറ്റവുമധികം ഡയാലിസിസ് രോഗികളുള്ള ജില്ലയാണ് എറണാകുളം. ആയിരത്തിലധികം നിര്‍ധനരായ ഡയാലിസിസ് രോഗികളാണുള്ളത്. മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഇത്തരത്തിലുള്ള രോഗികള്‍ക്ക് 1000 രൂപ ധനസഹായം എന്ന നിലയില്‍ മാസം 4000 രൂപ വരെ നല്‍കുന്നുണ്ട്. കൂടാതെ വൃക്ക, കരള്‍ തുടങ്ങിയവ മാറ്റിവച്ചവര്‍ക്കു പ്രധാനമായും ആവശ്യമുള്ള മരുന്നുകള്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്നു.
ഒരു വര്‍ഷത്തിനിടെ കോവിഡ് പ്രതിരോധത്തിനു മാത്രമായി ഒരു കോടി രൂപയിലധികമാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ 50 ലക്ഷം രൂപ ആലുവ ജില്ലാ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കുന്നതിനാണു വിനിയോഗിച്ചത്. ജില്ലയിലെ 14 ആശുപത്രികളില്‍ 350 ഓക്‌സിജന്‍ ബെഡുകള്‍ ജില്ലാ പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലാ പഞ്ചായത്തിനു കീഴിലെ ജില്ലാ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമൃത ആശുപത്രിയുമായി സഹകരിച്ച് വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ച് ആറായിരത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കരുതല്‍
ഭിന്നശേഷി വിഭാഗത്തെ സഹായിക്കുന്നതിനായി 5.50 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചെലവഴിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായാണ് ഈ തുക പ്രധാനമായും ചെലവഴിച്ചത്. 3.25 കോടി രൂപ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിതരണം ചെയ്യാനായി നീക്കിവച്ചു. 95 പേര്‍ക്ക് മുച്ചക്ര വാഹനങ്ങളും 83 പേര്‍ക്ക് ഓട്ടോമാറ്റിക് വീല്‍ചെയറുകളും 80 പേര്‍ക്ക് സാധാരണ വീല്‍ചെയറുകളും വിതരണം ചെയ്തു.
ഗ്രാമീണ റോഡുകളുടെ വികസനത്തിന് 65 കോടി രൂപ
ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമീണ റോഡുകളുടെ വികസനത്തിനു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണു നടത്തിയത്. ഇതോടനുബന്ധിച്ച് 65 കോടി രൂപ മുതല്‍മുടക്കില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കാനായി.
57 സ്‌കൂളുകള്‍ക്കായി 30 കോടി രൂപ ചെലവഴിച്ചു
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 57 സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 30 കോടി രൂപയോളമാണു ചെലവഴിച്ചത്. സ്‌കൂളുകളിലെ ഉപകരണങ്ങള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയ്ക്കായാണ് പ്രധാനമായും ഈ തുക വിനിയോഗിച്ചത്.
അടുത്ത നാലു വര്‍ഷത്തെ ലക്ഷ്യങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും ?
കാര്‍ഷികമേഖലയില്‍ സ്വയം പര്യാപ്തത കൈവരിച്ച് വികസനം നടപ്പാക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ നിന്നു വ്യത്യസ്തമാണു പടിഞ്ഞാറന്‍ മേഖലയിലെ കൃഷിരീതി. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത തരത്തിലുള്ള പരിഗണനകള്‍ നല്‍കിയായിരിക്കും പ്രവര്‍ത്തനം. നെല്ല്, പച്ചക്കറി, ഫലങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കണം. തരിശുമേഖലകള്‍ കണ്ടെത്തി പരമാവധി സ്ഥലങ്ങളില്‍ കൃഷി നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പൊക്കാളി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ചശേഷം അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി, കര്‍ഷകര്‍ക്കു നഷ്ടമുണ്ടാകാത്ത വിധത്തില്‍ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പഞ്ചായത്തുകള്‍, പാടശേഖര സമിതികള്‍, കൃഷിഭവന്‍ തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനം. പരമാവധിയിടങ്ങളില്‍ കൃഷി വ്യാപിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഉത്പാദനത്തോടൊപ്പം വിളകള്‍ക്കു ന്യായവില ലഭ്യമാക്കുന്നതിനായി മാര്‍ക്കറ്റിംഗ് മേഖലയും കൂടുതല്‍ ശക്തിപ്പെടുത്തും. കൃഷി ഉത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിന് എല്ലാവര്‍ക്കും പരിശീലനം
ദുരന്തനിവാരണമെന്നത് നമ്മുടെ പദ്ധതികളുടെ ഭാഗം കൂടിയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദുരന്തങ്ങള്‍ നേരിടുന്നതിനായി ജനങ്ങളെ പ്രാപ്തരാക്കുക എന്നതിനാണു മുന്‍ഗണന. പഞ്ചായത്തുകളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ദുരന്തനിവാരണ പരിശീലനം നല്‍കി ഇവരിലൂടെ എല്ലാവര്‍ക്കും പരിശീലനം എത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിനുതകുന്ന ഉപകരണങ്ങള്‍ ലഭ്യമാക്കി, അതിജീവനത്തിലേക്കുള്ള പരിശീലനം നല്‍കുക എന്നതാണു സുപ്രധാന ലക്ഷ്യം.
ലൈഫ് മിഷന്‍ ഭവന പദ്ധതിക്കായി 9 കോടി രൂപ
ഈ വര്‍ഷം ഒന്‍പത് കോടിയോളം രൂപയാണ് ലൈഫ് മിഷന്‍ ഭവന പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് നീക്കിവച്ചിട്ടുള്ളത്. പൊതു വിഭാഗത്തിനും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ഇതിലൂടെ ഭവനം ഉറപ്പാക്കും.
“വൈവിധ്യമാര്‍ന്ന ഗ്രാമീണ ടൂറിസം പ്രയോജനപ്പെടുത്തും”;ടൂറിസം കേന്ദ്രങ്ങളുടെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍
ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. കിഴക്കന്‍ മേഖലയിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗവും, ടൂറിസം സാധ്യതകളെക്കുറിച്ചുള്ള ശില്‍പശാലയും സംഘടിപ്പിച്ചിരുന്നു. ഗ്രാമീണ ടൂറിസത്തിനു പ്രാധാന്യം നല്‍കിയാണ് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം. ഗ്രാമീണ മേഖലയിലെ ടൂറിസം കേന്ദ്രങ്ങളെയും സൗകര്യങ്ങളെയും കുറിച്ച് ടൂറിസ്റ്റുകള്‍ക്കു പ്രാഥമിക വിവരം ലഭ്യമാക്കേണ്ടതിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളുടെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ ആദ്യഘട്ടമായി നടപ്പിലാക്കും. ഇതിനായി ജില്ലയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ഇതോടനുബന്ധിച്ച് ഓരോ കോളേജുകള്‍ക്കും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. ഡോക്യുമെന്റേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. രണ്ടാംഘട്ടത്തില്‍ പടിഞ്ഞാറന്‍ മേഖലയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശീലനമുള്‍പ്പടെ സംഘടിപ്പിക്കും.
എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോംസ്റ്റേ സജ്ജീകരിക്കുകയും ഹരിത ചട്ടം നടപ്പിലാക്കുകയും ചെയ്യും. കാലതാമസമില്ലാതെ ഈ പദ്ധതികള്‍ നടപ്പാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയും ടൂറിസം വികസനം അതത് തദ്ദേശ സ്ഥാപനതലത്തിലോ കൂട്ടായോ നടപ്പാക്കാന്‍ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനം സഹായിക്കും. കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൂടുതല്‍ ഫണ്ട് ആവശ്യപ്പെടും.
മാലിന്യ സംസ്‌കരണത്തിന് വെല്ലുവിളി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍
പ്രധാനവഴികളില്‍ പ്ലാസ്റ്റിക് ഡിസ്‌പോസല്‍ ബിന്നുകള്‍ സ്ഥാപിക്കും
ജില്ലാതലത്തില്‍തന്നെ മാലിന്യ സംസ്‌ക്കരണത്തിനും നിര്‍മാര്‍ജനത്തിനും ആവശ്യമായ നടപടികള്‍ ജില്ലാ പഞ്ചായത്ത് സ്വീകരിക്കുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിന്റെ പ്രധാന വെല്ലുവിളി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളാണ്. ഇവ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ശുചിത്വമിഷനുമായി സഹകരിച്ച് എല്ലാ പ്രധാനവഴികളിലും പ്ലാസ്റ്റിക് ഡിസ്‌പോസല്‍ ബിന്നുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലേക്കും ഇതു വ്യാപിപ്പിക്കും. ഉറവിടങ്ങളില്‍ തന്നെ മാലിന്യ സംസ്‌കരണം നടത്തുക എന്ന സംസ്‌കാരത്തിലേക്ക് ആളുകളെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. പുതിയ ഭരണസമിതിയുടെ ആദ്യയോഗത്തില്‍ തന്നെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അത് ഏറെക്കുറെ നടപ്പാക്കുകയും ചെയ്തു. ഹരിത കര്‍മസേനാംഗങ്ങള്‍ക്കു വരുമാനം കൂടി ഉറപ്പാക്കുക എന്ന കര്‍ത്തവ്യവും ഇതിനോടൊപ്പമുണ്ട്. ഇതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നു ചെറിയ തുകയും ഈടാക്കുന്നുണ്ട്.
കോവിഡ്: വരുമാനമാര്‍ഗം പൂര്‍ണമായി ഇല്ലാതായവര്‍ക്ക് പ്രത്യേക പദ്ധതി
സാധാരണക്കാരായ ജനങ്ങളെയാണ് കോവിഡ് ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോവിഡ് മൂലം വരുമാനമാര്‍ഗം പൂര്‍ണമായി ഇല്ലാതായി. അവര്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ ഈ വര്‍ഷം തന്നെ നടപ്പാക്കാന്‍ ശ്രമിക്കും. ഇത്തരത്തിലുള്ള പദ്ധതികള്‍ പ്രധാനമായും ബാങ്ക് വായ്പകളെ ആശ്രയിച്ചുള്ളതായിരിക്കും. ബാങ്കുകള്‍ വഴി സാമ്പത്തിക സഹായം ലഭിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.