കൊല്ലം കോടതി സമുച്ചയ നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും ആവശ്യപ്പെട്ടു. നിര്‍മാണ പുരോഗതി വിലയിരുത്താനും കൂടുതല്‍ സ്ഥലസൗകര്യം എന്ന ആവശ്യം ചര്‍ച്ച ചെയ്യാനുമായി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.

നിലവില്‍ അനുവദിച്ച സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമായ സ്ഥിതിക്ക് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. കോടതി പരിസരത്ത് നിന്നുള്ള വഴി വികസിപ്പിക്കുന്നതിന് സാധ്യമായ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തും. നിര്‍മാണത്തിന് ഓരോ ഘട്ടത്തിലും ആവശ്യമായ തോതില്‍ ധനവിനിയോഗത്തിന് അവസരം ഒരുക്കും.
പുതിയ കാലത്തിന് ചേര്‍ന്നവണ്ണമുളള കെട്ടിട സമുച്ചയമാണ് ഒരുക്കേണ്ടത്. ആധുനിക സൗകര്യങ്ങള്‍ കൂടി ഇതോടൊപ്പമുണ്ടാകുന്നത് ഉചിതമാകും. ടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സ്ഥല സൗകര്യം വിവിധ കോടതികള്‍ക്കായി ലഭ്യമാക്കുന്നത് പരിശോധിക്കും. ഭൂമിയുടെ ലഭ്യതയ്ക്ക് അനുസൃതമായി നടപടികള്‍ സ്വീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പിച്ചാല്‍ അനുഭാവപൂര്‍വം പരിഗണിക്കും – മന്ത്രിമാര്‍ വ്യക്തമാക്കി.എം. മുകേഷ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.