കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയൊരുക്കി പാമ്പനാർ സർക്കാർ ഹൈസ്കൂൾ. സ്കൂളിൽ വായനശാല ആരംഭിക്കുന്നതിന്റെ ഭാഗമായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായുള്ള പുസ്തകവണ്ടി ക്യാമ്പയിനാണ് വേറിട്ട അനുഭവം നൽകിയത്. ക്യാമ്പയിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു.വായിച്ചുകഴിഞ്ഞതിന് ശേഷം വീട്ടിലും ഓഫീസുകളിലുമെല്ലാം വെറുതെ വച്ചിരിക്കുന്ന നോവൽ, കവിത, നാടകം, ചെറുകഥ, ലഘുനോവൽ, ഇതിഹാസം തുടങ്ങി ഏത് വിധ പുസ്തകങ്ങളും നിങ്ങൾക്ക് ഈ പുസ്തകവണ്ടിയിൽ ഏൽപ്പിച്ചുകൊണ്ട് പുതിയൊരു വിജ്ഞാന സമ്പന്നരായ തലമുറയെ വാർത്തെടുക്കുന്നതിന് ഏവരും മുന്നോട്ടു വരണമെന്ന് പൊതുജനങ്ങളോട് എം.എൽ.എ ആവശ്യപ്പെട്ടു.ഇടുക്കി ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ പാമ്പനാർ ഗവ. ഹൈസ്കൂൾ അറിവിന്റെ നാളം പകരാൻ നിരവധി പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. പാമ്പനാർ സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ അധികവും പട്ടികജാതി വിഭാഗത്തിലും, മറ്റു പിന്നോക്ക സമുദായത്തിൽ ഉൾപ്പെട്ടവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എസ്‍റ്റേറ്റ് തൊഴിലാളികളുടെ മക്കളുമാണ്. പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി മലയാളം, തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിലായി എഴുന്നൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
