കുട്ടികളുടെ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് നിർദേശിച്ചു .നിലവിൽ ജില്ലയിൽ ഒരു ലക്ഷത്തി മൂവായിരത്തോളം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകി കഴിഞ്ഞു. കോവിഡ് ബാധിച്ചവരെ മാറ്റി നിർത്തിയാൽ ഒരു ലക്ഷത്തി മുപ്പത്തിനായിരം പേർക്കാണ് വാക്‌സിനേഷൻ നൽകാൻ ലക്ഷ്യമിട്ടിരുന്നത്.
വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ സ്കൂളുകളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഇതുവരെ വാക്‌സിനേഷൻ സ്വീകരിക്കാത്ത കുട്ടികളുടെ വിവരങ്ങൾ ക്ലാസ് തലത്തിൽ എടുത്ത ശേഷം വിവരങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കൈമാറും.
സ്വകാര്യ സ്കൂളുകളിലെ വാക്‌സിനേഷൻ വിവരങ്ങൾ ശേഖരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. നിലവിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 81.5 ശതമാനം വാക്‌സിനേഷൻ പൂർത്തിയാക്കി. ഇന്ന് (ഫെബ്രുവരി 14 തിങ്കൾ) ജില്ലയിൽ 34 കേന്ദ്രങ്ങളിൽ ആണ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നൽകുന്നതായി മാറ്റി വെച്ചത്. 60 കേന്ദ്രങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. വാക്സിനേഷൻ അവലോകന യോഗത്തിൽ വാക്‌സിനേഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. കെ. ജി ശിവദാസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.