കൊച്ചി: ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സുസജ്ജമാണ് സേനയെന്ന് അഗ്നിശമന സേന ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍. പ്രസാദ് പറഞ്ഞു. ഇടുക്കി ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശം ലഭിക്കുന്നതിനനുസരിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ജനങ്ങളെ ഒഴിപ്പിക്കുന്നതിനുളള റൂട്ട് മാപ്പ് അടക്കം തയാറാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ആലുവയിലും ഇടുക്കി ജില്ലയിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ദുരിതബാധിത പ്രദേശമായി കണക്കാക്കുന്ന ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം, നോര്‍ത്ത് പറവൂര്‍, എലൂര്‍ തുടങ്ങിയ സ്ഥലങ്ങളെ 14 സെക്ടറുകളാക്കി തിരിച്ചിട്ടുണ്ട്. 14 ചാര്‍ജ് ഓഫീസര്‍മാര്‍ക്കാണ് ഈ പ്രദേശങ്ങളിലെ ദുരിന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേഷന്‍ ഓഫീസറെയും ചുമതലപ്പെടുത്തി. ആളുകളെ ഒഴിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റേഷന്‍ ഓഫീസര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ജില്ല ഫയര്‍ ഓഫീസര്‍ എ.എസ്. ജോജിയും ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ റെജി വി. കുര്യാക്കോസും നേതൃത്വം നല്‍കും. ഇടുക്കി, എറണാകുളം റീജ്യണിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല റീജ്യണല്‍ ഫയര്‍ ഓഫീസര്‍ പി. ദിലീപനാണ്. രണ്ടു ജില്ലകളിലെയും മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും പൂര്‍ണ്ണ ചുമതല ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍. പ്രസാദിനാണ്.
ദുരന്ത നിവാരണ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 11 സ്‌കൂബാ വാനുകള്‍, 16 ആംബുലന്‍സുകള്‍, 18 ഇന്‍ഫ്‌ളേറ്റബിള്‍ ടവര്‍ ലൈറ്റുകള്‍, 12 റബ്ബര്‍ ഡിങ്കി (ബോട്ട്), 50 ചെയിന്‍സോ എന്നിവ ഓരോ സെക്ടറുകളിലായി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ലൈഫ് ജാക്കറ്റ്, റോപ്പ്, സ്‌ട്രെച്ചറുകള്‍, ജനറേറ്ററുകള്‍, സെര്‍ച്ച് ലൈറ്റുകള്‍ എന്നിവയും തയാറാണ്. എല്ലാ വാഹനങ്ങള്‍ക്കും ആവശ്യമായ ഇന്ധനവും കരുതിയിട്ടുണ്ട്. അണക്കെട്ട് തുറന്നാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് ദുരന്ത നിവാരണ അതോറിറ്റി നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുളളത്. മെഗാ ഫോണുകള്‍, വാക്കി ടോക്കികള്‍ തുടങ്ങിയ ആശയവിനിമയം സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സമീപജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ എന്നിവിടങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതബാധിതമായി കണക്കാക്കുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ 240 ജീവനക്കാരെ പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്. ഇടുക്കിയിലെ പ്രദേശങ്ങളില്‍ 120 ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജീവനക്കാര്‍ക്ക് പുറമേയാണിത്. അവശ്യ സാഹചര്യത്തില്‍ ഇവരെ കൂടി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകും. കൂടാതെ ഫോര്‍ട്ട്‌കൊച്ചിയിലെ സ്‌കൂബാ പരിശീലന കേന്ദ്രത്തില്‍ നിന്നും വിയ്യൂര്‍ ഫയര്‍ ട്രെയിനിംഗ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ കൂടുതല്‍ ജീവനക്കാരെ രംഗത്തിറക്കാനാകും. മരങ്ങള്‍ വീഴുന്ന സാഹചര്യത്തില്‍ ഇവ അടിയന്തരമായി മുറിച്ചു മാറ്റുന്നതിനാവശ്യമായ ക്രെയിന്‍, ജെസിബി തുടങ്ങിയ വാഹനങ്ങളും സജ്ജമാക്കാന്‍ റവന്യൂ വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ജനങ്ങളെ ഒഴിപ്പിക്കുന്ന സാഹചര്യമുണ്ടായാല്‍ ഭിന്നശേഷിക്കാരെയും മുതിര്‍ന്ന പ്രായക്കാരെയും സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതിനാകും ആദ്യ പരിഗണന. ഇതിനാവശ്യമായ സ്‌ട്രെച്ചറുകളും മറ്റു സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ട്. എല്ലാ ക്രമീകരണങ്ങളും പൂര്‍ണ്ണസജ്ജമാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആര്‍. പ്രസാദ് പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുളള നമ്പറുകള്‍
എറണാകുളം ജില്ല-കണ്‍ട്രോള്‍ റൂം ആലുവ-9497920129. ജില്ല ഫയര്‍ ഓഫീസര്‍ 9497920115, ഓപ്പറേഷന്‍സ് വിംഗ്-9497920141, സ്ട്രാറ്റജിക് വിംഗ്-9497920294.
ഇടുക്കി ജില്ല-കണ്‍ട്രോള്‍ റൂം (ഇടുക്കി) 9497920163, ജില്ല ഫയര്‍ ഓഫീസര്‍ – 9497920116, ഓപ്പറേഷന്‍സ് വിംഗ്-9497920162, സ്ട്രാറ്റജിക് വിംഗ് – 9497920294.