മൂവാറ്റുപുഴ താലൂക്കിന്റെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ആവോലി. 14 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആവോലി ഗ്രാമപഞ്ചായത്തിലെ നേട്ടങ്ങളെയും വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് സംസാരിക്കുന്നു…

ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍

പഞ്ചായത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം. ഹരിത കര്‍മസേനയെ കൂടുതല്‍ സജീവമാക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കായി. അവര്‍ക്ക് യൂണിഫോം, ബാഡ്ജ്, കൈയ്യുറകള്‍ എന്നിവ വിതരണം ചെയ്തു. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും എത്തിക്കാന്‍ കഴിഞ്ഞു.

നടുക്കരയില്‍ എംസിഎഫ് സ്ഥാപിച്ചു

അജൈവ മാലിന്യങ്ങള്‍ സംഭരിച്ച് ശാസ്ത്രീയമായി തരംതിരിക്കുകയും സംസ്‌ക്കരിക്കുകയും പ്രകൃതിക്കും മനുഷ്യനും ഹാനികരമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ നടുക്കരയില്‍ സ്ഥാപിച്ചു. വീടുകളില്‍ നിന്ന് ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്, തുണി, കുപ്പി മുതലായവ എംസിഎഫുകളില്‍ എത്തിക്കും. തുടര്‍ന്ന് ഇവ ആര്‍ആര്‍എഫ് (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റര്‍)ലേക്ക് കൊടുക്കുകയുമാണ് ചെയ്യുന്നത്.

കുടുംബശ്രീയുടെ പ്രവര്‍ത്തനം

സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ആവോലി ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇത് അഞ്ച് കുടുംബശ്രീ യൂണിറ്റുകള്‍ക്കായി വീതിച്ച് നല്‍കും.

ആരോഗ്യമേഖല

പഞ്ചായത്തിലെ ആശ്രയ കുടുംബങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തുടര്‍ന്ന് സൗജന്യമായി മരുന്ന് വിതരണവും നടത്തി.

കാര്‍ഷിക മേഖല

റബ്ബര്‍, പൈനാപ്പിള്‍, തെങ്ങ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷികള്‍. കര്‍ഷകര്‍ക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും പഞ്ചായത്തില്‍ നടപ്പിലാക്കുന്നുണ്ട്. കൂടാതെ പഞ്ചായത്തിലെ തരിശായി കിടന്ന മുള്ളത്ത്കണ്ടം പാടം 23 ഏക്കര്‍ ഭൂമി കൃഷി ചെയ്യാന്‍ സാധിച്ചു. ഇപ്പോള്‍ കൃഷി വിളവെടുപ്പിനോടടുക്കുകയാണ്.

സ്മാര്‍ട്ട് അങ്കണവാടി

ആവോലി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ 16 അങ്കണവാടികളാണുള്ളത്. നിലവില്‍ മൂന്ന് അങ്കണവാടികള്‍ സ്മാര്‍ട്ട് ആക്കുവാനുള്ള ടെന്‍ഡര്‍ ഇട്ടിട്ടുണ്ട്. ഈ ഭരണസമിതി കാലാവധി കഴിയുന്നതിന് മുന്‍പായി എല്ലാ അങ്കണവാടികളും സ്മാര്‍ട്ട് ആക്കാനുള്ള ശ്രമത്തിലാണ്.

കുടിവെള്ള പദ്ധതി

പഞ്ചായത്തിന് കീഴില്‍ വരുന്ന കാവനയില്‍ ഒരു വാട്ടര്‍ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. വാര്‍ഡിലെ കുറച്ച് കുടുംബങ്ങള്‍ക്കു വേണ്ടിയാണ് ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്.

പരീക്കപീടികയില്‍ ‘ടേക്ക് എ ബ്രേക്ക്’

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏതുസമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചിമുറികള്‍ ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവയെ കൂടാതെ കോഫി ഷോപ്പുകളും അടങ്ങിയ ടേക്ക് എ ബ്രേക്ക് പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നുണ്ട്. 40 ലക്ഷം രൂപയുടെ പദ്ധതിയാണിത്. കൂടാതെ ടൂറിസം പദ്ധതിയുടെ ഭാഗമായ ആനക്കാട് ചിറയില്‍ ഒരു പൊതു ടോയ്‌ലറ്റ് നിര്‍മ്മിക്കാനും സാധിച്ചു.

അഭിമുഖം: രാഗി എം.എം