മെഴുവേലി പഞ്ചായത്തിന്റെ സമഗ്രമായ സാമൂഹിക, സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണ് മെഴുവേലി 2025 എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഴുവേലി പഞ്ചായത്തിന്റെ വികസനം സംബന്ധിച്ച് പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ പദ്ധതിയായി മെഴുവേലി 2025 മാറും. സാമ്പത്തിക മുന്നേറ്റം, സാമൂഹിക മാറ്റം, കുടുംബത്തിലെ ഒരാള്‍ക്ക് ഉപജീവനം, കുടുംബത്തിന് വരുമാനം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ഭൂമിയുടെ ജല ലഭ്യത ഉറപ്പാക്കല്‍, ജലസംരക്ഷണം ഉറപ്പാക്കല്‍, മഴവെള്ള സംരക്ഷണം, കിണര്‍ റീച്ചാര്‍ജിംഗ്, എന്നിവയും പദ്ധതിയിലൂടെ സാധ്യമാക്കും. പദ്ധതിയുടെ ഭാഗമായി സാമൂഹിക സാമ്പത്തിക സര്‍വേയും സമഗ്ര നീര്‍ത്തട പദ്ധതിയും പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, സാമൂഹ്യ പ്രവര്‍ത്തക ബീനാ ഗോവിന്ദ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.