കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച്ച പ്രദർശനത്തിനെത്തുന്നത് പുരസ്‌ക്കാര നേട്ടത്തിലൂടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, മികച്ച നവാഗത സംവിധായകനുള്ള രജതചകോരം എന്നീ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയ കോസ്റ്റാറിക്കൻ ചിത്രം ക്ലാരാ സോള, മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്ക്കാരം നേടിയ കൂഴങ്കൽ, ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള എഫ് എഫ് എസ് ഐ കെആർ മോഹനൻ അവാർഡ് നേടിയ നിഷിദ്ധോ ഉൾപ്പെടെ പതിനാല്‌ ചിത്രങ്ങളാണ് മൂന്നാം ദിനം പ്രദർശിപ്പിക്കുന്നത്.

പ്രേക്ഷക ശ്രദ്ധനേടിയ ഹംഗേറിയൻ ചിത്രം ദി സ്റ്റോറി ഓഫ് മൈ വൈഫ്, സ്ലോവാക്യൻ ചിത്രം 107 മദേഴ്‌സ് , ഫ്രാൻസിൽനിന്നുള്ള ബെർഗ്‌മാൻ ഐലൻഡ്, റഡു ജൂഡ് സംവിധാനം ചെയ്ത റൊമാനിയൻ ചിത്രം ബാഡ് ലക്ക് ബാങ്കിങ് ഓർ ലൂണി പോൺ, ഇറാനിയൻ ചിത്രം ബെല്ലാർഡ് ഓഫ് എ വൈറ്റ് കൗ എന്നീ ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ട് ഹോമേജ് വിഭാഗത്തിൽ വിടപറയും മുൻപേ, മധുജ മുഖർജിയുടെ ഡീപ് 6, ബിശ്വജിത് ബോറയുടെ ബൂംബാ റൈഡ്, മലയാള ചിത്രം ചവിട്ട് ഉൾപ്പെടെ ഏഴു ഇന്ത്യൻ ചിത്രങ്ങൾ മൂന്നാം ദിനം പ്രദർശിപ്പിക്കും.