പെരിയാറിന്റെ കൈവഴികളിലെ നീരൊഴുക്ക് സുഗമമാക്കാൻ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിക്ക് പാറക്കടവ് ബ്ലോക്കിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഒരു വാർഡിൽ ഒരു തോട് വീതമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കുന്നത്. പാറക്കടവ് ബ്ലോക്കുതല ഉദ്ഘാടനം ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ പള്ളപാടം – പറമ്പയം തോട് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രതീഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേബ മുഹമ്മദ് അലി, ബി.ഡി.ഒ കെ.കെ ശങ്കരൻകുട്ടി, തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കുന്നുകര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി ചൂദ്രകാട് – വെള്ളിയാം തോട് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു നിർവഹിച്ചു. സന്നദ്ധ പ്രവർത്തകരുടെയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടുകൂടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ നരുപറമ്പ് തോട് ശുചീകരണ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ , ചെളി, മണ്ണ് എന്നിവ നീക്കം ചെയ്യുകയും തോടുകളുടെ വെള്ളം ഉൾക്കൊള്ളാവുന്ന പരമാവധി ശേഷി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.