മലയോര ഹൈവേ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള കഠിനശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനപാതയുടെ ഭാഗമായ ഇരുട്ടുകാനം ആനച്ചാല്‍ റോഡിലെ അമ്പഴച്ചാല്‍ പാലത്തിന്റേയും മറയൂര്‍ കാന്തല്ലൂര്‍ റോഡിലെ കോവില്‍ക്കടവ് പാലത്തിന്റേയും നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ച് പ്രവര്‍ത്തികളിലെ ഗുണമേന്മ ഉറപ്പുവരുത്തുകയെന്നത് പരമപ്രധാനമാണ്. സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് മുമ്പോട്ട് പോകുവാന്‍ വകുപ്പ് ലക്ഷ്യമിടുന്നു. കഴിഞ്ഞ ദിവസം പ്രവൃത്തി പൂര്‍ത്തീകരിച്ച 51 റോഡുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചിരുന്നു. റോഡുകളുടെ നിലവാരമുയര്‍ത്തി ദീര്‍ഘകാലം നിലനില്‍ക്കുന്ന റോഡുകള്‍ നിര്‍മ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. കിഫ്ബി പ്രവൃത്തികള്‍ ഏറ്റവും അധികമുള്ളത് പൊതുമരാമത്ത് വകുപ്പിലാണ്. ഗ്രാമീണമേഖലകളില്‍ അടക്കം മികച്ച റോഡുകള്‍ നിര്‍മ്മിക്കാനായി. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ജനങ്ങളിപ്പോള്‍ കാഴ്ച്ചക്കാരല്ല; കാവല്‍ക്കാരാണ്. നിര്‍മ്മാണജോലികള്‍ നല്ലനിലയില്‍ പൂര്‍ത്തീകരിക്കാനുള്ള എല്ലാ സാഹചര്യവും പൊതുമരാമത്ത് വകുപ്പ് ഒരുക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് പതിനയ്യായിരം കിലോമീറ്റര്‍ റോഡ് കൂടി ബി എം ആന്‍ഡ് ബി സി നിലവാരത്തിലേക്കുയര്‍ത്തുകയാണ് ലക്ഷ്യം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1410 കിലോമീറ്റര്‍ റോഡ് ബി എം ആന്‍ഡ് ബി സി നിലവാരത്തിലേക്കുയര്‍ത്തിക്കഴിഞ്ഞു. 66 പ്രധാന പാലങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശിയപാത 66 ന്റെ വികസനം സാധ്യമാകുകയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാരിന്റെ നൂറ് ദിനകര്‍മ്മപരിപാടികളുടെ ഭാഗമായിട്ടാണ് അമ്പഴച്ചാല്‍ പാലത്തിന്റെയും കോവില്‍ക്കടവ് പാലത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നടത്തിയിട്ടുള്ളത്. 19.25 മീറ്റര്‍ നീളത്തിലാണ് അമ്പഴച്ചാലിലെ പാലം നിര്‍മ്മിക്കുന്നത്. 37.9 മീറ്റര്‍ നീളമാണ് കോവില്‍ക്കടവിലെ പാലത്തിനുള്ളത്. ഇരുപാലങ്ങള്‍ക്കും ഒരു വശത്ത് 1.50 മീറ്ററോടുകൂടിയ നടപ്പാതയുണ്ട്. പുതിയപാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെടുന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം കൂടുതല്‍ സുഗമമാകും.

ഉദ്ഘാടന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. അമ്പഴച്ചാലില്‍ സംഘടിപ്പിച്ച പ്രാദേശിക യോഗത്തില്‍ അഡ്വ. എ രാജ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.