പണമില്ലാത്തത് കൊണ്ട് മാത്രം ചികിത്സ നിഷേധിക്കപ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ കുടുംബശ്രീ സരസ് മേളയില്‍ എത്തിയിരിക്കുകയാണ് കാന്‍സര്‍ അതിജീവിത റാസി സലിം. താന്‍ നിര്‍മിച്ച ബോട്ടില്‍ ആര്‍ട്ടുകളും മറ്റു അലങ്കാര വസ്തുക്കളും വിറ്റുകിട്ടുന്ന പണം കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്യാനാണ് റാസിയുടെ തീരുമാനം. രോഗബാധിതയായി ബോംബെ റ്റാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് തനിക്ക് കിട്ടുത്ര ചികിത്സയും പരിഗണനയും കിട്ടാതെ പോകുന്ന ഒരുപാടുപേരുണ്ടെന്നും രോഗവിമുക്തയായ ശേഷം അവര്‍ക്ക് സഹായ ഹസ്തമാകാന്‍ തനിക്ക് കഴിയണമെന്നും റാസി മനസിലുറപ്പിക്കുന്നത്.അതിനുള്ള അവസരമായാണ് അവര്‍ സരസ് മേളയെ കാണുന്നത്.

പറന്നുയര്‍ന്ന ഫീനിക്സ് പക്ഷി

അച്ഛനമ്മമാരുടെ മരണശേഷം അനുഭവിക്കേണ്ടി വന്ന ഏകാന്തതയില്‍ നിന്നും 18-ാം വയസില്‍ ഭര്‍ത്താവ് സലീമാണ് റാസിയെ കൈപിടിച്ചുയര്‍ത്തുന്നത്. വിവാഹശേഷം അബുദാബിയില്‍ 2 മക്കളുമൊത്ത് ജീവിതത്തിന്റെ കുറെ നല്ല നാളുകള്‍ ആസ്വദിക്കുന്നതിനിടയിലാണ് കാന്‍സര്‍ എന്ന വില്ലന്റെ രംഗ പ്രവേശം. ഇത് റാസിയെ മാനസികമായി തകര്‍ക്കുകയും ദുരിതത്തിന്റെ നാളുകളിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആത്മധൈര്യവും കുടുംബത്തില്‍ നിന്നുള്ള കരുതലും റാസിയെ 3 വര്‍ഷത്തെ ചികിത്സയ്ക്കൊടുവില്‍ രോഗവിമുക്തയാക്കി. കോവിഡ് മഹാവ്യാധി സൃഷ്ടിച്ച ലോക്ഡൗണ്‍ സമയത്താണ് കീമോതെറാപ്പി ആരംഭിക്കുന്നത്. ബിസ്നസ്സ് ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവും മൂത്തമകനും തിരിച്ചു പോയെങ്കിലും എന്തൊക്കെയോ വ്യക്തിപരമായ കാരണങ്ങള്‍ റാസിയെ നാട്ടില്‍ പിടിച്ചു നിര്‍ത്തി. ജീവിതം നിശ്ചലമായി തുടങ്ങിയപ്പോഴാണ് തനിക്ക് ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളെ കുറിച്ച് റാസി ഓര്‍ക്കുന്നത്. അങ്ങനെ മനസിലുദിച്ച ആശയമാണ് ഇവരെ ഇന്ന് സരസ് മേള വരെ എത്തിച്ചത്. ‘ഇത്തരമൊരു മേള എനിക്ക് തന്നത് ചേര്‍ത്തുപിടിക്കലിന്റെ അനുഭവമാണ്. പി.എസ്.സി മെമ്പറും വുമണ്‍ ആക്ടിവിസ്റ്റുമായ ആര്‍. പാര്‍വതി ദേവി മാഡമാണ് എന്റെ ആദ്യ ഉപഭോക്താവ് എന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു. ഇനിയും കൂടുതല്‍ മേളകളില്‍ പങ്കെടുക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മാറാനും അതിയായ ആഗ്രഹമുണ്ട്. നിറഞ്ഞ ചിരിയോടെ റാസി പറഞ്ഞു.