ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിമാലി, ആനച്ചാല്‍ എന്നിവിടങ്ങളിലെ വിവിധ മത്സ്യ വ്യാപാര ശാലകളില്‍ പരിശോധന നടന്നു. വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന മത്സ്യത്തിന്റെ ഭക്ഷ്യയോഗ്യത ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു പരിശോധന. മത്സ്യങ്ങളില്‍ അമോണിയയുടെയും ഫോര്‍മാലിന്റെയും അംശം കൂടിയ അളവില്‍ ചേര്‍ത്തിട്ടുണ്ടൊയെന്ന് കണ്ടെത്തുന്നതിനായിട്ടായിരുന്നു പ്രധാനമായും പരിശോധന നടത്തിയതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. റാപ്പിഡ് ഫോര്‍മാലിന്‍ ടെസ്റ്റ് കിറ്റും റാപ്പിഡ് അമോണിയ ടെസ്റ്റ് കിറ്റും ഉപയോഗിച്ചായിരുന്നു മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള അമോണിയയുടെയും ഫോര്‍മാലിന്റെയും അംശം ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഇതുകൂടാതെ വ്യാപാര ശാലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ കാക്കനാട് റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കുമെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദേവികുളം സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ബൈജു പി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. തൊടുപുഴ, ഉടുമ്പന്‍ചോല മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാന രീതിയില്‍ പരിശോധന നടന്നിരുന്നു. വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലും പരിശോധന നടക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.