കല, കായികം, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കു വേണ്ടി വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉജ്ജ്വലബാല്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് കളക്ടര്‍ടെ ചേമ്പറില്‍ പുരസ്‌കാരങ്ങള്‍ നല്‍കി.
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ നെല്ലിമല എസ്റ്റേറ്റിലെ അര്‍പ്പുത കുമാര്‍ – എലിസബത്ത് ദമ്പതികളുടെ കുട്ടിയായ ആകാശ് എ, അറക്കുളം സ്വദേശികളായ ജോസഫ് – ജിജി ദമ്പതികളുടെ മകനായ ജോയല്‍ ജോസഫ്, വാത്തിക്കുടി പഞ്ചായത്തില്‍ നെല്ലിവേലിയില്‍ വീട്ടില്‍ റെജി-ജിന്‍സി ദമ്പതികളുടെ കുട്ടിയായ അന്ന മരിയ റെജി എന്നീ കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ ഇരുവരും നഷ്ടപ്പെട്ട ഇടുക്കി ജില്ലയില്‍ നിന്നുള്ള ആറ് കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതാ ശിശു വികസന വകുപ്പ് മുഖേന നല്‍കുന്ന 3,00,000/ രൂപയുടെ ധനസഹായവും കളക്ടര്‍ ചടങ്ങില്‍ വിതരണം ചെയ്തു.