ആലുവ നഗരസഭ ആയുര്‍വേദ ആശുപത്രിയെ വെല്‍നെസ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആലുവ നഗരസഭ ഗവ. ആയുര്‍വേദ ആശുപത്രിയിലെ പേ വാര്‍ഡ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആയുര്‍വേദ പാരമ്പര്യ ചികിത്സാ രീതികള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ആയുഷിന്റെ കീഴിലുള്ള ആയുര്‍വേദ ആശുപത്രികള്‍ വെല്‍നെസ് ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരുമിച്ചു പ്രവര്‍ത്തിച്ച് ഒരു പദ്ധതി എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് എംഎല്‍എ ഫണ്ട്, നഗരസഭ ഫണ്ട് എന്നിവ ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്ന ആലുവ നഗരസഭ ആയുര്‍വേദ ആശുപത്രി കെട്ടിടം. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ നാടിന്റെ വികസനം യാഥാര്‍ഥ്യമാകു.
ആശുപത്രികള്‍ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മികച്ച പ്രവര്‍ത്തനം. ആശുപത്രിയില്‍ ഒഴിവുള്ള തസ്തികയിലേക്കു നിയമം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അന്‍വര്‍സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജെബി മേത്തര്‍ എം.പി, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍, നഗരസഭാ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപയും, നഗരസഭയില്‍ നിന്ന് 35 ലക്ഷം രൂപയും ഉള്‍പ്പെടെ 1 കോടി രൂപ വകയിരുത്തിയാണ് ആയുര്‍വേദ ആശുപത്രിയിലെ പേ വാര്‍ഡ് ബ്ലോക്കിന്റെ നിര്‍മ്മാണം. ആറ് പേ വാര്‍ഡ് റൂം, ഒരു കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെയാണു കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.