തൃശൂർ ജില്ലാ റവന്യൂ കലോത്സവം ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വിഷമങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും ജീവിതത്തിലൂടെയുമാണ് വില്ലേജ് ഓഫീസര്‍മാർ ഉള്‍പ്പെടെയുള്ള റവന്യൂ ജീവനക്കാര്‍ കടന്ന് പോകുന്നതെന്നും അതിനാൽ അവർക്കിടയിൽ കലകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കലക്ടർ പറഞ്ഞു.
പഠന കാലഘട്ടത്തിന് ശേഷം ഇത്തരം ഒരു അവസരം ആരും പ്രതീക്ഷിച്ചു കാണില്ല. എല്ലവരും സജീവമായി കലാകായിക മത്സരങ്ങളിൽ പങ്കെടുക്കണം. ഏറ്റവും സൗഹൃദപരമായി ജില്ലാ കലോത്സവം കൊണ്ടു പോകണമെന്നും കലക്ടർ അറിയിച്ചു. റീജിയണൽ തിയ്യറ്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ
ആര്‍ ഡി ഒ പി എ വിഭൂഷണന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ സി സി യമുന ദേവി, ഹുസൂര്‍ ശിരസ്തദാര്‍ കെ ടി പ്രാണ്‍സിങ്, തഹസില്‍ദാര്‍ ടി ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

ജില്ലാതല കലാമത്സരങ്ങളുടെ ആദ്യദിനത്തില്‍ വേദി കന്ന് റീജിയണൽ തിയ്യറ്ററിൽ ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, തിരുവാതിരക്കളി എന്നീ മത്സരങ്ങൾ നടന്നു. വേദി രണ്ട് സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ കവിതാപാരായണം, പ്രസംഗമത്സരം എന്നിവയും വേദി മൂന്ന് ടൗൺഹാളിൽ ഗിറ്റാർ, വയലിൻ, കർണാട്ടിക് മ്യൂസിക്, ലളിതഗാനം എന്നീ മത്സരങ്ങളും നടന്നു.

കലോത്സവത്തിലെ രണ്ടാം ദിനമായ ഇന്ന് (29 ഏപ്രിൽ)
വേദി ഒന്നിൽ മോണോആക്ട്, മിമിക്രി, മൈം, ഓട്ടൻതുള്ളൽ, നാടകം എന്നീ മത്സരങ്ങളും വേദി മൂന്നിൽ ഒപ്പന, മാപ്പിളപ്പാട്ട്, നാടൻപാട്ട് മത്സരങ്ങളും നടക്കും.
കഴിഞ്ഞ ദിവസം കഥാ രചന, കവിതാ രചന, ഉപന്യാസ രചന, പെയിന്റിംഗ് മത്സരങ്ങള്‍ സെൻ്റ് തോമസ് സ്‌കൂളില്‍ നടന്നിരുന്നു.

റവന്യൂ വകുപ്പിലെയും അനുബന്ധ വകുപ്പുകളിലെയും ജീവനക്കാരുടെ കലാസാംസ്‌കാരിക മേഖലകളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ നടത്തുന്ന കലോത്സവത്തിനു മുന്നോടിയായാണു ജില്ലയില്‍ റവന്യൂ കലോത്സവം നടത്തുന്നത്. ഇതോടനുബന്ധിച്ച് മെയ് ആദ്യവാരം കായിക മത്സരങ്ങളും നടക്കും. മെയ് 14 മുതൽ സംസ്ഥാന റവന്യൂ കലോത്സവത്തിൻ്റെ കായിക മത്സരങ്ങളും 27 മുതൽ കലാ മത്സരങ്ങളും തൃശൂരിൽ നടക്കും.