തുടങ്ങിയത് 30 ബസുകള്‍
ലക്ഷ്യം 300 കടകള്‍
കെഎസ്ആര്‍ടിസി ബസുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയാണ് ഷോപ്പ് ഓണ്‍ വീല്‍. ഉപയോശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ രൂപമാറ്റം വരുത്തി കച്ചവട-ഭക്ഷശാലകളാക്കി മാറ്റിയാണ് ഷോപ്പ് ഓണ്‍വീല്‍ പദ്ധതി ആരംഭിച്ചത്. കെഎസ്ആര്‍ടിസിയുടെ കൊമേഴ്സ്യല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന ഷോപ്പ് ഓണ്‍ വീല്‍സ് ഏറെ മുന്നേറ്റമുണ്ടാക്കുന്ന ഒരു പ്രധാന വരുമാനമാര്‍ഗമാണ്. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമാണ് കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ആദ്യത്തെ ഷോപ്പ്ഓണ്‍ വീല്‍ പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് ഇതുവരെ 30 ബസുകളാണ് പദ്ധതിയുടെ ഭാഗമായി മാറിയത്. 300 എണ്ണമാണ് ലക്ഷ്യം. മില്‍മ കച്ചവട-ഭക്ഷ്യശാല, കുടുംബശ്രീ കഫേ, ഹോര്‍ട്ടി കോപ്പിന്റെ പച്ചക്കറി വിപണനം, ഡാപ് കോസ് തുടങ്ങി വിവിധ പൊതു മേഖലാസ്ഥാപനങ്ങള്‍ ഇതിനകം നിരവധി പദ്ധതികളിലൂടെ വിജയകരമായി ഷോപ് ഓണ്‍ വീല്‍സ് നടത്തി വരികയാണ്.
സര്‍വ്വീസ് യോഗ്യമല്ലാത്ത പഴയ ബസ്സുകള്‍ പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തകയാണ് കെഎസ്ആര്‍ടിസി ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി കോര്‍പ്പറേഷന്‍ മുതല്‍ മുടക്കില്ലാതെ വരുമാനം സാധ്യമാകുകയും ചെയ്യുന്നു. മില്‍മയുടെ സഹകരണത്തോടുകൂടി മില്‍മ പാര്‍ലറുകള്‍, കുടുംബശ്രീയുമായി ചേര്‍ന്ന് പിങ്ക് കഫേ, മൂന്നാറില്‍ അഞ്ച് ബസ് ലോഡ്ജുകള്‍ എന്നിവ ഇതിന്റെ ഭാഗമായി ഇതിനകം നടപ്പാക്കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന് കീഴിലെ എസ്‌സി ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് ഷോപ് ഓണ്‍ വീല്‍സ് രംഗത്ത് കേരളത്തിലെ മുഴുവന്‍ ഡിപോകളിലും ഷോപ് ഓണ്‍ വീല്‍സ് പദ്ധതി നടപ്പാക്കുന്നതിന്റെ പ്രാഥമിക തയ്യാറെടുപ്പിലാണ്. പദ്ധതി വന്‍ വിജയമായതോടെ വിവിധ മേഖലകളിലേക്ക് ഷോപ് ഓണ്‍ വീല്‍സിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി യും.
പ്രതിമാസം ഇരുപതിനായിരം രൂപ മുതൽ ഓരോ ഷോപ് ഓണ്‍ വീല്‍സില്‍ നിന്നും വരുമാനമായി ലഭിക്കുന്ന ഈ പദ്ധതി വ്യാപകമാക്കുന്നതിലൂടെ നോണ്‍ ഫെയര്‍ രംഗത്തു കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം ലക്ഷ്യമിടുകയാണ് കെഎസ്ആർടിസി കൊമേഴ്സ്യൽ വിഭാഗം.