ജില്ലാതല വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 11 മുതല്‍ 17 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും

ജില്ലയിലെ എന്റെ കേരളം പ്രദര്‍ശന വിപണനമേള ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന്  ആരോഗ്യ-കുടുംബക്ഷേമ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ വിളംബര ഘോഷയാത്ര പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അടച്ചിടപ്പെട്ട കോവിഡ് കാലത്തിനു ശേഷം ജില്ല ഒന്നടങ്കം ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ജനങ്ങള്‍ക്ക് ഒന്നിക്കാന്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള വേദിയാകും. ജില്ലയുടെ സംസ്‌കാരം വിളിച്ചോതുന്നതും സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ജനങ്ങള്‍ക്ക് ലഭ്യമാകുന്ന മേളയായിരിക്കും ഇത്. ജില്ലയിലെ എല്ലാ വകുപ്പുകളുടേയും സേവനം മേളയില്‍ ഉണ്ടായിരിക്കും. ജില്ലയിലെ മുഴുവന്‍ ആളുകളുടേയും സഹകരണം മേളയില്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളാണ് ഏത് ഉത്സവത്തേയും ചരിത്രമാക്കുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പ്രദര്‍ശന സന്ദേശം നാടിന്റെ നാനാ ഭാഗത്തേക്കും എത്തിക്കുന്നതിനായി നടത്തിയ വിളംബര ഘോഷയാത്ര അക്ഷരാര്‍ഥത്തില്‍ ഉത്സവമായിരുന്നു. വലിയ ജനപങ്കാളിത്തം തന്നെയാണ് മേളയുടെ വിജയമെന്നും എംഎല്‍എ പറഞ്ഞു.

സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നു തുടങ്ങിയ ഘോഷയാത്ര ജനറല്‍ ആശുപത്രിക്കു മുന്നിലൂടെ ഗാന്ധി സ്‌ക്വയര്‍ വഴി അബാന്‍ ജംഗ്ഷനിലെത്തി നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍,  നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ജില്ലയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍,  ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.