പത്തനംതിട്ട ജില്ലയുടെ തനിമ വിളിച്ചോതി എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വിളംബരഘോഷയാത്ര. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 11 മുതല്‍ 17 വരെ ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം ശനിയാഴ്ച നടന്ന ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്ത് ആരംഭിച്ച വിളംബരഘോഷയാത്ര ജനറല്‍ ആശുപത്രിക്കു മുന്നിലൂടെ ഗാന്ധി സ്‌ക്വയര്‍ വഴി അബാന്‍ ജംഗ്ഷനിലെത്തി നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

തെയ്യം, അമ്മന്‍കുടം, മുത്തുക്കുടകള്‍, പടയണി, വഞ്ചിപ്പാട്ട്, കോല്‍ക്കളി, കുട്ടികളുടെ റോളര്‍ സ്‌കേറ്റിങ്, വര്‍ണബലൂണുകള്‍, ബാന്‍ഡ്മേളം, ശിങ്കാരിമേളം എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. കുട്ടികളുടെ കരാട്ടെ പ്രദര്‍ശനവും എക്സൈസ് വകുപ്പിന്റെ ലഹരി ഉപയോഗത്തിനെതിരെയുള്ള ഫ്‌ളോട്ടും വേറിട്ട കാഴ്ചകളായി. എന്‍സിസി, എസ്പിസി കേഡറ്റുകള്‍ ഘോഷയാത്രയില്‍ അണിനിരന്നു.കുടുംബശ്രീ, സ്പോര്‍ട്സ് കൗണ്‍സില്‍, ഐസിഡിഎസ്, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, വിവിധ  വകുപ്പുകളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.