കൈപ്പിനിക്കടവ് പാലം ഗതാഗതത്തിനായി തുറന്നു നൽകുന്നതിൻ്റെയും മുട്ടിക്കടവ് പാലം പുനര്‍നിര്‍മാണത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിപ്പാതയാക്കുന്ന പ്രവൃത്തികൾ 2025 നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ചുങ്കത്തറ പഞ്ചായത്ത് പരിധിയിലെ മുട്ടിക്കടവ് പാലം പുനര്‍ നിര്‍മാണത്തിന്റേയും 2019 ലെ പ്രളയത്തില്‍ തകര്‍ന്ന കൈപ്പിനികടവ് പാലം പുനര്‍നിര്‍മിച്ച് ഗതാഗതത്തിനായി തുറന്ന് നല്‍കുന്നതിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലമ്പൂർ ബൈപ്പാസ് ഉൾപ്പടെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റ് വകുപ്പുകളുമായി തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. എം.എൽ.എ ഉൾപ്പടെ ജനപ്രതിനിധികളിൽ നിന്നുള്ള ക്രിയാത്മകമായ നിർദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ ഒരുക്കമാണെന്ന് മന്ത്രി ഉറപ്പ് നൽകി. കൈപ്പിനിക്കടവ് പാലം പരിസരത്ത് നടന്ന പരിപാടിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. പി.വി. അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായിരുന്നു.

അപ്രോച്ച് റോഡിന്റെ പണികള്‍ പൂര്‍ത്തീകരിക്കാനുണ്ടെങ്കിലും മഴക്കാലം ആരംഭിക്കുന്നതോടെ നിലവിലെ പുഴയിലൂടെയുള്ള താല്‍കാലിക റോഡില്‍ ഗതാഗതം മുടങ്ങുന്നതിനാല്‍ പ്രദേശത്തുകാര്‍ക്കുണ്ടാകുന്ന യാത്രാദുരിതം കണക്കിലെടുത്താണ് കൈപ്പിനിക്കടവ് പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. കൈപ്പിനി ഭാഗത്തേയ്ക്ക് 70 മീറ്ററും, ചുങ്കത്തറ ഭാഗത്തേയ്ക്ക് 120 മീറ്ററും വീതമുള്ള അപ്രോച്ച് റോഡ് നിര്‍മാണവും പുഴയിലെ സംരക്ഷണഭിത്തിയുടെ നിര്‍മാണ ജോലികളുംപുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. 2019ല്‍ കവളപ്പാറ, പാതാര്‍ എന്നിവടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന വന്‍മരങ്ങളും കൂറ്റന്‍പാറകളും ഇടിച്ചാണ് കൈപ്പിനിക്കടവ് പാലം പൂര്‍ണമായും തകര്‍ന്നത്. പാലം തകര്‍ന്നതോടെ കുറുമ്പലങ്ങോട് പൂക്കോട്ടുമണ്ണക്കടവ് വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ചായിരുന്നു വിദ്യാര്‍ഥികളുള്‍പ്പടെ യാത്രക്കാര്‍ ചുങ്കത്തറയിലെത്തിയിരുന്നത്. പാലം ഗതാഗതത്തിനായി തുറന്ന് നല്‍കുന്നതോടെ ദൂരം 2.50 കിലോമീറ്ററായി കുറയും. 99.7 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാതകളും ഉള്‍പ്പടെ 10.7 മീറ്റര്‍ വീതിയുമുള്ള പാലം പുതുക്കിപ്പണിയാന്‍ 13.2 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

ചുങ്കത്തറ പഞ്ചായത്തില്‍ കോഴിക്കോട് – നിലമ്പൂര്‍ – ഗൂഡല്ലൂര്‍ റോഡിനെ, മുട്ടിക്കടവ് നിന്നും പള്ളിക്കുത്ത് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്നതാണ് മുട്ടിക്കടവ് പാലം. പുന്നപുഴക്കു കുറുകെ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന് പകരമായാണ് പുതിയ പാലത്തിന്റെ നിര്‍മാണം. പാലം പുനര്‍നിര്‍മിക്കുന്നതിനായി 6.2 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 90 മീറ്റര്‍ നീളമുള്ള പാലത്തിന്റെ 7.5 മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ക്കും 1.35 മീറ്റര്‍ പാലത്തിനൊരുവശത്തായി കാല്‍നടയാത്രക്കാര്‍ക്കുള്ള സൗകര്യവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ മുട്ടിക്കടവ് ഭാഗത്തേക്കും പള്ളിക്കുത്തു ഭാഗത്തേക്കും 60 മീറ്റര്‍ നീളത്തില്‍ ബി.എം ആന്‍ഡ് ബി.സി അപ്രോച്ച് റോഡും ഉൾപ്പടെയാണ് പദ്ധതിയിലുള്ളത്.