കുട്ടികളുടെ സമഗ്രമായ ശാരീരിക-മാനസിക വികാസം ഉറപ്പുവരുത്തുന്ന സ്മാര്‍ട്ട് അംഗണവാടിയുടെ മാതൃക കനകക്കുന്ന് മെഗാ പ്രദര്‍ശന മേളയില്‍ ഒരുക്കി വനിതാ ശിശു വികസന വകുപ്പ്. അങ്കണവാടി പ്രവേശനോത്സവത്തിന് മുന്‍പ് തന്നെ സ്മാര്‍ട്ട് അങ്കണവാടി ക്ലാസ്സില്‍ എത്തിയ സന്തോഷമാണ് മേളയില്‍ എത്തുന്ന കുട്ടികള്‍ക്കെല്ലാം. മൂന്നു വയസ്സ് മുതല്‍ ആറു വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം.

ഒരു സ്മാര്‍ട്ട് അങ്കണവാടിയില്‍ ഉള്ള എല്ലാ സൗകര്യങ്ങളും ഇവിടെയും ഒരുക്കിയിട്ടുണ്ട്. പഠനാവശ്യങ്ങള്‍ക്കുള്ള കസേരയും മേശയും ബ്ലാക്ക്ബോര്‍ഡും ഉള്‍പ്പെടെയാണ് മേളയിലേക്ക് കുട്ടികളെ സ്വാഗതം ചെയ്യുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള അങ്കണപൂമഴ, മറ്റ് ചിത്രരചനാ പുസ്തകകങ്ങളും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ ഉല്ലാസത്തിനായി  കവിതകളും കഥകളും പാടിയും പറഞ്ഞും  ഒപ്പം കൂടി അങ്കണവാടി ടീച്ചര്‍മാരും. പഠനം മാത്രമല്ല മാനസിക വികാസത്തിന് സഹായിക്കുന്ന രീതിയിലുള്ള കളികളും കുട്ടികള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്നുണ്ട്. അക്ഷരമാല- സംഖ്യാ പസിലുകളും ബോള്‍പൂളും ഉല്ലാസത്തിനോടൊപ്പം ബുദ്ധി വികാസത്തിനും സഹായകമാണ്.

വിവിധ അങ്കണവാടി യൂണിറ്റുകളിലായി ടീച്ചര്‍മാരും കുട്ടികളും തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും നടത്തുന്നുണ്ട്. എല്ലാ ദിവസവും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കി ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഓരോ വിഷയം അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത നിറങ്ങളിലാണ് വസ്തുക്കള്‍ നിര്‍മ്മിക്കുന്നത്. വനം- വന്യജീവികള്‍, കളിയും കളിപ്പാട്ടവും, കലകള്‍, പ്രകൃതി-സംരക്ഷണം-പക്ഷികള്‍- പ്രാണികള്‍, എന്റെ ഗ്രാമം, പൂക്കളും- പൂന്തോട്ടവും, പഴങ്ങള്‍-പച്ചക്കറികള്‍ എന്നിവയാണ് വിഷയങ്ങള്‍. ഇതിന് അനുസൃതമായി വെള്ള, ക്രീം,പര്‍പ്പിള്‍, പിങ്ക്, വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്,  നിറങ്ങളിലാണ് എല്ലാ വസ്തുക്കളും ഒരുക്കുന്നത്. അങ്കണവാടികളിലെ പഠന പ്രക്രിയയിലുള്ള വിഷയങ്ങളാണ് ഇവിടെയും ഉപയോഗിക്കുന്നത്.

നാച്ചുറല്‍ മെറ്റീരിയല്‍ കോര്‍ണര്‍, ടോയ്സ് കോര്‍ണര്‍, മ്യൂസിക് കോര്‍ണര്‍, ബുക്സ് കോര്‍ണര്‍, പപ്പറ്റ് കോണര്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായിട്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കരകൗശല വസ്തുക്കള്‍ക്ക് പുറമേ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകസമ്പന്നമായ ഭക്ഷണങ്ങളുടെ പ്രദര്‍ശനവുമുണ്ട്. പ്രധാനമായും അംഗനവാടിയില്‍ നിന്നും ലഭ്യമാകുന്ന അമൃതം പൊടിയും മറ്റു ധാന്യങ്ങളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വിവിധയിനം ഭക്ഷണപദാര്‍ത്ഥങ്ങളാണ്. രക്ഷിതാക്കള്‍ക്ക് ഇവ പാചകം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പോഷകാഹാര വിദഗ്ധര്‍ നല്‍കും.

കൂടാതെ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന വിവിധ വനിത-ശിശുക്ഷേമ പദ്ധതികളുടെ വിവരണവും സന്ദര്‍ശകര്‍ക്ക് ലഭിക്കും. വിവിധ സാമൂഹിക വിഷയങ്ങളില്‍ സന്ദര്‍ശകരുടെ അഭിപ്രായം രേഖപ്പെടുത്തുവാനും മേളയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതുവിജ്ഞാന ചോദ്യോത്തര മത്സരവും നടത്തുന്നു. വിജയികള്‍ക്ക് സമ്മാനങ്ങളും കൈമാറും.’എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയില്‍ എല്ലാ ദിവസവും സ്മാര്‍ട്ട് അങ്കണവാടിയും പ്രദര്‍ശനവും ഉണ്ടാകും.