ജില്ലയിൽ ട്രോളിംഗ് നിരോധനം ജൂൺ ഒമ്പത് അർധരാത്രി നിലവിൽ വരും. ജൂലൈ 31 വരെയാണ് നിരോധനം.നിരോധനം തുടങ്ങുന്നതിന് മുന്‍പ് അന്യ സംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ട് പോകണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
നാളെ വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ കടലിൽ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്‌സ്‌മെന്‍റും കോസ്റ്റൽ പോലീസും ഉറപ്പുവരുത്തും.
നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. നിരോധന കാലത്ത് ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമാണ് അനുവദിക്കുക. കടലില്‍ പോകുന്ന തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശം കരുതണം.

നിരോധന കാലത്തെ പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. വൈപ്പിനിലും അഴീക്കലുമാണ് ഇവ ബർത്ത് ചെയ്യുക. രക്ഷാ പ്രവർത്തനങ്ങൾക്കായി ആറു സീ റെസ്‌ക്യൂ ഗാർഡുകളുടെ സേവനം ഉണ്ടാകും. അടിയന്തര സാഹചര്യം നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയ റസ്ക്യൂ ഗാര്‍ഡുകളുടെ സേവനവും ലഭ്യമാകും. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും കൺട്രോൾ റൂമും പ്രവർത്തിക്കും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ട്രോളിംഗ് നിരോധനത്തിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി.
അർത്തുങ്കൽ പോലീസ് സ്റ്റേഷനില്‍ പട്രോളിംഗിനായി ഉപയോഗിക്കുന്ന ബോട്ടിന്‍റെ തകരാർ അടിയന്തിരമായി പരിഹരിക്കാന്‍ കളക്ടർ നിർദ്ദേശം നൽകി.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ആർ. രമേഷ് ശശിധരൻ വിശദീകരിച്ചു.