കൊച്ചി നഗരസഭ പരിധിയിൽ കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്ന 122 പേരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പുനരധിവസിപ്പിക്കുവാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവരെ പുനരധിവസിപ്പിക്കുക. പുനരധിവാസത്തിന് അർഹരായവരിൽ 56 കുടുംബങ്ങൾ ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇവർ ഒഴികെയുള്ളവരെക്കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും.
പുനരധിവാസത്തിന് അർഹരാണെന്ന് കണ്ടെത്തിയ കുടുംബങ്ങൾക്ക് പള്ളുരുത്തി വില്ലേജിൽ ജിസിഡിഎ കൊച്ചി നഗരസഭയ്ക്ക് കൈമാറിയ 1.38 ഏക്കർ സ്ഥലത്താണ് നഗരസഭ മുഖേന ലൈഫ് ഭവന സമുച്ചയം നിർമ്മിക്കുക. പുനരധിവാസത്തിന് അർഹരായവരെ ലിസ്റ്റിൽ ഉൾപ്പെടുത്തി കൈവശരേഖകൾ പരിശോധിച്ചുവരികയാണ്. ലിസ്റ്റിൽ ഉൾപ്പെട്ട 41 അപേക്ഷകരുടെ പരിശോധന പൂർത്തിയായി. പുനരധിവാസത്തിന് അർഹരല്ലാത്തവർക്ക് കേരള ഭൂസംരക്ഷണ നിയമപ്രകാരം നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകി.