എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിവിധ വകുപ്പുകള്‍ക്ക് പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികളും അഭിപ്രായങ്ങളും കൃത്യമായി നിരീക്ഷിക്കുകയും സമയബന്ധിതമായി നടപടി സ്വീകരിച്ച് മറുപടി നല്‍കുന്നതിനും വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദ്ദേശിച്ചു. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. എന്റെ ജില്ല മൊബൈല്‍ ആപ്പില്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന പരാതികള്‍ക്ക് നിയമാനുസൃതമായ നടപടി സ്വീകരിച്ച് പരാതി പരിഹരിച്ച്, വിവരം http://entejilla.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും നല്‍കണം. പരാതി രൂപേന അല്ലാത്ത പെ#ാതുജനങ്ങളുടെ പ്രതികരണങ്ങള്‍ക്കും ഇത്തരത്തില്‍ മറുപടി നല്‍കേണ്ടതാണ്. വെബ്‌സൈറ്റില്‍ വരുന്ന പ്രതികരണങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഓരോ ഓഫീസിലും ഒരു ജീവനക്കാരനെയും നിയോഗിക്കണം. എന്റെ ജില്ല മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരും ജില്ലാ വികസന സമിതി യോഗങ്ങളില്‍ പ്രത്യേക അജണ്ടയായി ചര്‍ച്ച ചെയ്യുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതിയും ജില്ലാ സമിതി യോഗം വിലയിരുത്തി. കല്‍പ്പറ്റ ബൈപ്പാസ് റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് യൂട്ടിലിറ്റി ഷിഫ്റ്റിഗിന് കാലതാമസമുണ്ടാകരുതെന്ന് വാട്ടര്‍ അതോറിറ്റി, കെ.സ്.ഇ.ബി അധികൃതര്‍ക്ക് വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി. യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുളള എസ്റ്റിമേറ്റ് കെ.ആര്‍.എഫ്.ബിക്ക് സമര്‍പ്പിച്ചതായി വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് അധികൃതര്‍ അറിയിക്കുന്ന മുറയ്ക്ക് ഷിഫ്റ്റിംഗ് ചെയ്യുന്നതാണെന്ന് കെ.സ്.ഇ.ബി അധികൃതരും അറിയിച്ചു. കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷനില്‍ എന്‍.എച്ച് 766 ല്‍ കാല്‍നടയാത്രക്കാര്‍ക്കായി നിലവിലെ പാലത്തിനോട് ചേര്‍ന്ന് ഇരുമ്പ് നടപ്പാലം നിര്‍മ്മിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്ന് ദേശീയപാത വിഭാഗവും യോഗത്തെ അറിയിച്ചു. കല്‍പ്പറ്റ ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവൃത്തികള്‍ സെപ്തംബര്‍ 30 നകം പൂര്‍ത്തിയാക്കുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു.പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വീടുകളുടെ ചോര്‍ച്ച പരിഹരിക്കുന്നതിനുളള പ്രൊപ്പോസല്‍ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി ട്രൈബല്‍ വകുപ്പും അറിയിച്ചു. പദ്ധതികളുടെ കൃത്യമായ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ വികസന സമിതി യോഗങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.