ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ 102.3 ഹെക്ടറിലെ കൃഷി നശിച്ചു.
കൃഷിവകുപ്പിന്റെ ചൊവ്വാഴ്ച്ച വരെയുളള പ്രാഥമിക കണക്കുപ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായതാണ് പ്രാഥമിക കണക്കുകള്‍. ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് വാഴ കര്‍ഷകര്‍ക്കാണ്. 98.06 ഹെക്ടറിലെ 246587 വാഴകളാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. 2,07,583 കുലച്ചവാഴകളും 39005 കുലയ്ക്കാത്ത വാഴകളുമാണ്. നശിച്ചത്. വാഴ കര്‍ഷകര്‍ക്ക് മാത്രം 14.01 കോടിയുടെ നാശനഷ്ടമുണ്ടായി. തെങ്ങ്, റബ്ബര്‍, അടയ്ക്ക, കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് എന്നീ കാര്‍ഷിക വിളകള്‍ക്കും മഴയില്‍ നാശം നേരിട്ടിട്ടുണ്ട്.
കൃഷി നാശം നേരിട്ട കര്‍ഷകര്‍ 10 ദിവസത്തിനകം പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനായി എയിംസ് (AIMS) പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷി ക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വിള ഇന്‍ഷൂറന്‍സ് ചെയ്ത കര്‍ഷകരും ഇന്‍ഷൂറന്‍സിനും പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനും ഇതേ പോര്‍ട്ടലിലൂടെ അപേക്ഷിക്കണം.
ജില്ലയില്‍ 53 വീടുകള്‍ ഭാഗീകമായി തകര്‍ന്നു
ജില്ലയില്‍ കനത്ത മഴയില്‍ 53 വീടുകള്‍ ഭാഗികമായി തകര്‍ന്നു രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ എട്ട് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വൈത്തിരി താലൂക്കിലാണ് വീടുകള്‍ക്ക് കൂടുതല്‍ നാശനഷ്ടം. 30 വീടുകളാണ് വൈത്തിരിയില്‍ ഭാഗികമായി തകര്‍ന്നത്. മാനന്തവാടിയില്‍ 16 വീടുകള്‍ക്കും ബത്തേരിയില്‍ 7 വീടുകള്‍ക്കുമാണ് കേടുപാട് സംഭവിച്ചത്. ജില്ലയില്‍ നിലവില്‍ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 372 പേരെയാണ് കനത്ത മഴയെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.